പെരിങ്ങൽകുത്തിൽ ജലനിരപ്പ് കുറഞ്ഞു, ആശങ്ക നീങ്ങി; തൃശ്ശൂരിൽ യെല്ലോ അലർട്ട്

അതേസമയം തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Update: 2020-08-10 04:18 GMT

തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് 416.04 മീറ്ററായി കുറഞ്ഞതോടെ ഇവിടെ റെഡ് അലർട്ട് പിൻവലിച്ചു. തമിഴ്നാട് ഷോളയാറിന്റെ ഷട്ടറുകൾ അടച്ചതോടെയാണ് ഇവിടേക്കുള്ള നീരൊഴുക്ക് നിലച്ചത്. തൃശ്ശൂർ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജില്ലയിൽ കാര്യമായ മഴയില്ല. രാത്രിയിൽ ചാലക്കുടിയിൽ മഴ പെയ്തിരുന്നു.

ഇന്നലെ രാത്രി മുതൽ തമിഴ്നാട് ഷോളയാറിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ടായിരുന്നു. എന്നാൽ, കേരള ഷോളയാറിൽ 70 ശതമാനം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ പ്രശ്നങ്ങളുണ്ടായില്ല. പെരിങ്ങൽക്കുത്ത് ഡാമിലേക്ക് വെള്ളമെത്തിയതേയില്ല.പുലർച്ചെ രണ്ട് മണിക്ക് തമിഴ്നാട് ഷോളയാറിന്റെ മൂന്നു ഷട്ടറുകൾ അടയ്ക്കുകയും ചെയ്തു.‌

അതേസമയം തിങ്കളാഴ്ചയും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നത്.

Similar News