ഒലവക്കോട് ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കണം എസ്ഡിപിഐ

സംഭവം നടന്ന ദിവസം രാത്രി 10.30 ന് ബൈക്കിൽ വന്ന റഫീഖിനെ വീട്ടിൽനിന്നും വിളിച്ചിട്ട് പോയവരെ ചോദ്യം ചെയ്യാൻ പോലിസ് തയ്യാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Update: 2022-04-10 14:25 GMT

പാലക്കാട്: ഒലവക്കോട് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒലവക്കോട് ആണ്ടിമഠം സ്വദേശി റഫീഖിനെ (27) കൊലപ്പെടുത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കണമെന്ന് റഫീഖിന്റെ വീടും സംഭവ സ്ഥലവും സന്ദർശിച്ച ശേഷം എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.

എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി എച്ച് സുലൈമാന്റെ നേതൃത്വത്തിലാണ് കൊല്ലപ്പെട്ട റഫീഖിന്റെ വിട് എസ്ഡിപിഐ സന്ദർശിച്ചത്. എസ്ഡിപിഐ മണ്ഡലം ട്രഷറർ ആഷിക് ഒലവക്കോട്, ഒ എച്ച് ഖലീൽ, എ കാജാ ഹുസൈൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികളായ കൊല്ലങ്കോട് മൈലാപ്പത്തറ ഗുരുവായൂരപ്പന്‍ (23), ആലത്തൂര്‍ കാട്ടുശേരി മനീഷ് (23), പല്ലശന പൂത്തോട്തറ സൂര്യ (20) എന്നിവരും മറ്റും റഫീഖിനെ മര്‍ദ്ദിക്കുമ്പോള്‍ പതിനഞ്ചോളം പേര്‍ അടുത്തുണ്ടായിരുന്നെന്ന് സാക്ഷികള്‍ മൊഴിനല്‍കി. ഇവരില്‍ ആരെങ്കിലും റഫീഖിനെ മര്‍ദ്ദിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കണം. സംഭവം നടന്ന ദിവസം രാത്രി 10.30 ന് ബൈക്കിൽ വന്ന റഫീഖിനെ വീട്ടിൽനിന്നും വിളിച്ചിട്ട് പോയവരെ ചോദ്യം ചെയ്യാൻ പോലിസ് തയ്യാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് റഫീഖിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴമേറിയ വലിയ മുറിവുണ്ട് എന്ന് റഫീഖിന്റെ മയ്യിത്ത് കുളിപ്പിച്ചവര്‍ പറയുന്നു. തലയ്ക്കുള്ളിലെ പരിക്കാണ് മരണകാരണമായത്. റഫീക്കിന്റെ മൃതദേഹത്തില്‍ 26 പരിക്കുകള്‍ ഉണ്ടായിരുന്നു. താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു. പ്രതികളുടെ രാഷ്ട്രീയം സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.  

Similar News