ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ കൊണ്ട് ആര്‍ക്കും ഉപകാരമില്ല

വെള്ളം കിട്ടുന്നുവെന്ന് ഉറപ്പാക്കിയാല്‍ ഗ്രാമപഞ്ചായത്തിന് വരുമാനമുണ്ടാക്കാവുന്നതും അറ്റകുറ്റപ്പണി നടത്താവുന്നതുമാണ്. ഇപ്പോൾ ശുചീകരണം വല്ലപ്പോഴും മാത്രമാണ് നടക്കാറുള്ളത്.

Update: 2022-04-11 14:56 GMT

മാള: മാള ഗ്രാമപ്പഞ്ചായത്ത് ബസ്റ്റാൻ്റിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമില്ലാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ ഏത് സമയവും പ്രവർത്തന സജ്ജമാണെന്ന് കരുതിയെത്തുന്നവര്‍ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. കംഫര്‍ട്ട് സ്റ്റേഷനില്‍ ഭൂരിഭാഗം സമയവും വെള്ളമില്ലെന്നതാണ് കാരണം. വെള്ളമില്ലാത്തതിനാൽ ലേലം നൽകുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആരും ഉപയോഗിക്കാത്തതിനാൽ ആളുകൾക്ക് പുകവലിക്കുന്നതിനുള്ള സ്വകാര്യയിടമായി കംഫര്‍ട്ട് സ്റ്റേഷന്‍ മാറി യെന്നും പരാതികളുണ്ട്.

ജലനിധി പദ്ധതി കൂടാതെ ഗ്രാമപഞ്ചായത്തിലേക്ക് പ്രത്യേകമായി വെള്ളം കൊണ്ട് വരുന്ന കണക്ഷനും കംഫര്‍ട്ട് സ്റ്റേഷനിലുണ്ട്. എന്നാൽ ജലനിധി പദ്ധതിയിൽ വെള്ളം ഇല്ലാത്തപ്പോൾ ഗ്രാമപഞ്ചായത്തിൽ നിന്ന് വെള്ളം തുറന്നുവിടാനുള്ള നടപടികള്‍ സ്വീകരിക്കാറില്ല. വെള്ളം കിട്ടുന്നുവെന്ന് ഉറപ്പാക്കിയാല്‍ ഗ്രാമപഞ്ചായത്തിന് വരുമാനമുണ്ടാക്കാവുന്നതും അറ്റകുറ്റപ്പണി നടത്താവുന്നതുമാണ്. ഇപ്പോൾ ശുചീകരണം വല്ലപ്പോഴും മാത്രമാണ് നടക്കാറുള്ളത്.

വി ആര്‍ സുനില്‍കുമാര്‍ എംഎൽഎയുടെ 2016 -17 വർഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും 22.65 ലക്ഷം രൂപ അനുവദിച്ചാണ് കംഫര്‍ട്ട് സ്റ്റേഷന്‍ നിർമ്മാണം നടത്തിയത്. 2020 സെപ്തംബർ 28 ന് വി ആർ സുനിൽകുമാർ എംഎൽഎയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മാളച്ചാലിൽ നിന്ന് വെള്ളം ശുദ്ധീകരിച്ച് എടുക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കണമെന്ന ഏറെ കാലമായുള്ള ആവശ്യവും നടപ്പാക്കിയിട്ടില്ല.

കൊവിഡ് നിയന്ത്രണങ്ങൾ മാറി യാത്രക്കാർ സാധാരണ നിലയിൽ ബസ്സ് സ്റ്റാൻ്റിലെത്തിത്തുടങ്ങിയിട്ടും മാളയിലെ ഏക പൊതു കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കണമെങ്കിൽ നല്ലസമയം നോക്കിവേണം. പൊളിക്കലും നിർമ്മിക്കലുമായി ഇവിടത്തെ കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്കായി ചെലവഴിച്ച തുകയെത്രയാണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഇതുവരെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും നാട്ടുകാർക്ക് കംഫര്‍ട്ട് സ്റ്റേഷന്‍ കൊണ്ട് യാതൊരു ഉപകാരവുമില്ലാത്ത അവസ്ഥയാണ്.