വയനാട് ജില്ലയിലെ ഒമ്പത് പാലങ്ങള്‍ തകര്‍ച്ച നേരിടുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പുനര്‍നിര്‍മാണം ആവശ്യമുള്ള പാലങ്ങള്‍ക്കായുള്ള ഡിസൈനുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ബജറ്റ് വിഹിതമില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ സാധ്യമല്ല.

Update: 2021-10-08 12:44 GMT

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഒമ്പത് പാലങ്ങള്‍ തകര്‍ച്ച നേരിടുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ചൂരല്‍മല പാലം, പനമരം-ചെറുപുഴ പാലം, കരിന്തിരിക്കടവ് പാലം, നായ്ക്കട്ടി പാലം, 41-ാം മൈല്‍ പാലം, ബാവലി പാലം, ആനപ്പാറ പാലം, മുട്ടില്‍ പാലം, കെല്ലൂര്‍ പാലം എന്നിവയാണ് വയനാട് ജില്ലയില്‍ തകര്‍ച്ച നേരിടുന്ന പാലങ്ങളായി പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയത്.

ഇതില്‍ ചൂരല്‍ മല പാലം നിര്‍മാണത്തിനായി ഭരണാനുമതി നല്‍കിയിട്ടുണ്ട്. കെല്ലൂര്‍ പാലത്തിന്റെ അറ്റകുറ്റ പണികള്‍കള്‍ക്കായി 2021-22 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ദേശീയപാത 766ലെ മുട്ടില്‍ പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

എന്നാല്‍ മറ്റ് ആറു പാലങ്ങളുടെ അറ്റകുറ്റ പണിക്കോ, പുനര്‍നിര്‍മാണത്തിനോ ബജറ്റ് വിഹിതം മാറ്റിവച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പുനര്‍നിര്‍മാണം ആവശ്യമുള്ള പാലങ്ങള്‍ക്കായുള്ള ഡിസൈനുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ബജറ്റ് വിഹിതമില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ സാധ്യമല്ല.

Similar News