കൊവിഡ്: മാനന്തവാടി മെഡിക്കൽ കോളജിൽ പുതിയ ക്രമീകരണങ്ങൾ

പുതിയ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഡിഎംഒ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു

Update: 2021-05-13 10:43 GMT

കല്‍പറ്റ: കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഓർത്തോ, സർജറി അടിയന്തര പ്രാധാന്യമുള്ള രോഗികളെ കൽപ്പറ്റ ജനറൽ ആശുപത്രിയിലും ശിശുരോഗ വിഭാഗം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും മെഡിസിൻ മറ്റു വിഭാഗങ്ങളിൽ കിടത്തിച്ചികിൽസ ആവശ്യം വരുന്നവരെ പൊരുന്നന്നുർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിക്കും. അതേസമയം മെഡിക്കൽ കോളേജിലെ ഒ.പി വിഭാഗങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

എമർജൻസി വിഭാഗം നിലവിലെ എമർജൻസി ഡിപ്പാർട്ട്മെൻ്റിലും കൊവിഡ് ഇല്ലാത്ത രോഗികൾക്കുള്ള ഐസിയു എമർജൻസി ഡിപ്പാർട്ട്മെൻ്റിന് മുകളിലത്തെ നിലയിലുമാണ് പ്രവർത്തിക്കുക. ഗർഭിണികളെ (കൊവിഡുള്ളവരെയും അല്ലാത്തവരെയും) ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തിയിട്ടുള്ള ഗൈനക് വിഭാഗത്തിൽ തന്നെ പരിചരിക്കും.

പുതിയ ക്രമീകരണങ്ങൾ സുഗമമായി നടത്തുന്നതിന് മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരെ കൽപ്പറ്റ ജനറൽ ആശുപത്രി, പനമരം, പൊരുന്നന്നൂർ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്ക് ജോലി ക്രമീകരണ വ്യവസ്ഥയിൽ ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ചിട്ടുണ്ട്. പുതിയ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഡിഎംഒ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.

Similar News