നിയന്ത്രണങ്ങള്‍ കടുപ്പിച്ച് വയനാട്; പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതത് കേന്ദ്രങ്ങളിലെ ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ ഉറപ്പുവരുത്തണം.

Update: 2022-01-18 18:19 GMT

കൽപ്പറ്റ: വയനാട്ടില്‍ ഇടവേളക്ക് ശേഷം ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നതോടെ നിയന്ത്രണങ്ങളും കടുപ്പിക്കുന്നു. ഒമിക്രോണ്‍ വകഭേദമടക്കമുളള കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടക്കല്‍, കുറുവ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വഴി മാത്രമാക്കി നിജപ്പെടുത്തുന്നതിന് ഡിടിപിസി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതത് കേന്ദ്രങ്ങളിലെ ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ കേന്ദ്രങ്ങളായ കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും. സ്വകാര്യ ആശുപത്രികളിലുള്ള ആകെ കിടക്കകളുടെ 30 ശതമാനം കൊവിഡ് കേസുകള്‍ക്ക് മാത്രമായി മാറ്റി വെക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.