മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്: കലാശക്കൊട്ടിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘര്‍ഷം

ബസ് സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും വടിയും വലിച്ചെറിയുകയായിരുന്നു. ഒരു പിക്കപ്പ് വാനും തകര്‍ത്തിട്ടുണ്ട്.

Update: 2022-08-18 16:16 GMT

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. മട്ടന്നൂര്‍ ടൗണില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കല്ലേറുണ്ടായി. പോലിസ് അക്രമികളെ തുരത്താന്‍ പലതവണ ലാത്തിവീശി. ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രവര്‍ത്തകര്‍ക്കും മൂന്നു പോലിസുകാര്‍ക്കും പരിക്കേറ്റു.

ബസ് സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും വടിയും വലിച്ചെറിയുകയായിരുന്നു. ഒരു പിക്കപ്പ് വാനും തകര്‍ത്തിട്ടുണ്ട്. മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന്റെ ഇരുവശങ്ങളിലുമായാണ് പ്രവര്‍ത്തകര്‍ കലാശക്കൊട്ട് നടത്തിയത്. ഇതിനിടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും പരസ്പരം കല്ലെറിയുകയുമായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പോലിസ് സംഘം ലാത്തിവീശി യുഡിഎഫ് പ്രവര്‍ത്തകരെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുരത്തി. പോലിസ് നാലുതവണ ഗ്രനേഡും പ്രയോഗിച്ചു. വീണ്ടും മടങ്ങിയെത്തി പലതവണ വീണ്ടും കല്ലേറുണ്ടായി. ഇരുവിഭാഗങ്ങളും ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചതോടെ ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. പോലിസ് ഇടപെട്ടതിനെ തുടര്‍ന്ന് നേതാക്കള്‍ സ്ഥലത്ത് നിന്നും സംസാരിച്ച് സംഘര്‍ഷത്തിന് അയവുണ്ടാക്കി.

മട്ടന്നൂര്‍ സിഐ പി ചന്ദ്രമോഹന്‍, എസ്ഐ ടി വി ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും കേന്ദ്രസേനയും ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ലാത്തി വീശിയതിനെ തുടര്‍ന്ന് വീണും പലര്‍ക്കും പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയിലും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ദേവദാസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ കെ രജിത്ത് എന്നിവര്‍ക്കും പരിക്കേറ്റു.

Similar News