മലപ്പുറം ജില്ലയിൽ ഇന്ന് 2,455 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

39,691 പേരാണ് വിവിധ ചികിൽസാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്.

Update: 2021-04-26 12:56 GMT

മലപ്പുറം: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,455 പേര്‍ക്ക് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം 23,597 ആയി. ആകെ രോഗബാധിതരില്‍ 2,344 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിട്ടുള്ളത്. 89 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

39,691 പേരാണ് വിവിധ ചികിൽസാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 479 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 255 പേരും 197 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ ജില്ലയില്‍ 658 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്. അതേസമയം 825 പേരാണ് ഇന്ന് ജില്ലയില്‍ കൊവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 1,28,808 ആയി.

Similar News