മോഹനം അന്താരാഷ്ട്ര ചലച്ചിത്രോത്സവം: വനിതാ ദിനാചരണം ശ്രദ്ധേയമായി

ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസം ചൊവ്വാഴ്ച അഷ്ടമിച്ചിറ മഹാലക്ഷ്മിയില്‍ രാവിലെ 10 ന് മറാത്തി ചിത്രം വൈ, 12.30ന് അള്‍ജീരിയന്‍ ഫ്രഞ്ച് ചിത്രം പാപ്പിച്ച, ഗ്രാമികയില്‍ 6.30ന് തമിഴ് ചിത്രം പേരന്‍പ് എന്നിവ പ്രദര്‍ശിപ്പിക്കും. 11 ന് മേള സമാപിക്കും.

Update: 2020-03-09 13:31 GMT

മാള: മോഹനം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ വനിതാദിനാചരണം ശ്രദ്ധേയമായി. രണ്ട് സ്ത്രീ സംവിധായകര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ചലച്ചിത്രത്തിന്റെ പ്രദര്‍ശനവും അവരിലൊരാളുമായുള്ള സംവാദവും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള രണ്ട് പ്രമുഖ വനിതകളുടെ പ്രഭാഷണങ്ങളും ചേര്‍ന്ന് ഗ്രാമികയില്‍ നടന്നുവരുന്ന മോഹനം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ വനിതാദിനമാണ് ശ്രദ്ധേയമായത്.

ഇന്ത്യയുടെ ഭാവിയും നിലനില്‍പും സ്ത്രീകളുടെ കൈകളില്‍ സുരക്ഷിതമാണെന്ന് സമീപകാല സ്ത്രീ മുന്നേറ്റങ്ങള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നതായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ് അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റ് നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ശാഹീന്‍ബാഗുകള്‍ സ്ത്രീകളുടെ ഉണര്‍വ്വിനെയാണ് കാട്ടിത്തരുന്നതെന്ന് അവര്‍ പറഞ്ഞു.

കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ വേദാന്ത വിഭാഗം മേധാവി ഡോ. കെ മുത്തുലക്ഷ്മിയും പ്രഭാഷണം നടത്തി. കെ എസ് കവിത അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായിക ഉമ കുമരപുരം, ആളൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത സുബ്രഹ്മണ്യന്‍, മിനി മോഹന്‍ദാസ്, നദിയ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിന്നീട് അമേരിക്കയില്‍ നിന്നുള്ള നിക്കോള്‍ ഡോണാഡിയോയും മലയാളിയായ ഉമ കുമരപുരവും ചേര്‍ന്ന് സംവിധാനം ചെയ്ത എക്രോസ് ദി ഓഷ്യന്‍ എന്ന ഇംഗ്ലീഷ് / മലയാളം ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഉമ കുമരപുരവുമായി നടന്ന സംവാദത്തില്‍ പ്രേക്ഷകര്‍ സജീവമായി പങ്കെടുത്തു. തങ്ങള്‍ രണ്ടു പേരും ഒരിക്കല്‍ പോലും പരസ്പരം കാണാതെ കേരളത്തിലും അമേരിക്കയിലും നിന്നുകൊണ്ട് അതാതിടത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി മനോഹരമായൊരു ചലച്ചിത്രം ഒരുക്കിയതിന്റെ അപൂര്‍വ്വാനുഭവങ്ങള്‍ അവര്‍ വിവരിച്ചു. യു എസ് അജയകുമാര്‍ മോഡറേറ്ററായിരുന്നു. ഡോ. വി പി ജിഷ്ണു സ്വാഗതവും ഗൗതം വി പി നന്ദിയും പറഞ്ഞു.

ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസം ചൊവ്വാഴ്ച അഷ്ടമിച്ചിറ മഹാലക്ഷ്മിയില്‍ രാവിലെ 10 ന് മറാത്തി ചിത്രം വൈ, 12.30ന് അള്‍ജീരിയന്‍ ഫ്രഞ്ച് ചിത്രം പാപ്പിച്ച, ഗ്രാമികയില്‍ 6.30ന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ, മമ്മുട്ടി മുഖ്യ വേഷം ചെയ്യുന്ന തമിഴ് ചിത്രം പേരന്‍പ് എന്നിവ പ്രദര്‍ശിപ്പിക്കും. 11 ന് മേള സമാപിക്കും.

Tags: