കൃഷിഭൂമി തരിശിടരുതെന്ന സർക്കാർ ഉത്തരവിനോട് കിഴുപറമ്പ് പഞ്ചായത്തിന് അവഗണന

അനാഥമായി കിടക്കുന്ന വയലുകൾ കാർഷിക ആവശ്യത്തിന് വിട്ട് തരണമെന്നും പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുമ്പോൾ കാർഷിക സ്ഥലം വിട്ട് നൽകാമെന്ന കർഷകരുടെ ആവശ്യത്തോട് പഞ്ചായത്ത് ഭരണ സമിതി മുഖം തിരിക്കുകയായിരുന്നു

Update: 2021-01-31 17:29 GMT

അരീക്കോട്: കൃഷിഭൂമി തരിശിടരുതെന്ന സർക്കാർ ഉത്തരവിനോട് കിഴുപറമ്പ് പഞ്ചായത്തിന് അവഗണന. പഞ്ചായത്തിൽ നാല് ഏക്കർ സ്ഥലം തരിശിട്ടതായി ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പഞ്ചായത്തിൻ്റെ വിവിധ ആവശ്യങ്ങൾക്കായി നാലിടത്തായി നാല് ഏക്കർ വയലാണ് പഞ്ചായത്ത് വില കൊടുത്ത് വാങ്ങിയത്.

രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് മാർക്കറ്റ് വിലയേക്കാൾ ഇരട്ടി വിലക്കാണ് ഇവ വാങ്ങുന്നത്. തൃക്കളയൂരിൽ കളിക്കളം ഉണ്ടാക്കുന്നതിന്നായി കനാലിനോട് ചേർന്ന് വെള്ളകെട്ടുള്ള ഒരു ഏക്കർ പതിനെട്ട് സെൻ്റ് സ്ഥലം വാങ്ങിയത് എറെ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. ചാലിയപാടത്ത് ബിച്ചമണ്ണിൽ, ചങ്ങംപുതിയായി പാടം എന്നിവിടങ്ങളിൽ കാർഷിക ആവശ്യത്തിന്നായി കുളം നിർമിക്കാൻ വയലുകൾ വാങ്ങിയിട്ട് അഞ്ച് വർഷമായി. കിണറ്റിൻ കണ്ടിയിലും സ്ഥലം വാങ്ങിട്ടുണ്ട്.

സർക്കാർ പദ്ധതിക്കായി സ്ഥലം വാങ്ങുമ്പോൾ പൊതുവഴി വേണമെന്ന നിബന്ധന പാലിക്കാതെയാണ് ഇവിടെ സ്ഥലം വാങ്ങുന്നത്. അതിനാൽ തന്നെ പഞ്ചായത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഇവിടെ പൂർത്തീകരിക്കാനും സാധിക്കുന്നില്ല. അനാഥമായി കിടക്കുന്ന വയലുകൾ കാർഷിക ആവശ്യത്തിന് വിട്ട് തരണമെന്നും പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുമ്പോൾ കാർഷിക സ്ഥലം വിട്ട് നൽകാമെന്ന കർഷകരുടെ ആവശ്യത്തോട് പഞ്ചായത്ത് ഭരണ സമിതി മുഖം തിരിക്കുകയായിരുന്നു. മാത്രവുമല്ല പഞ്ചായത്തിന്‌ ഇതിലൂടെ വൻ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാക്കുന്നത്.

ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം ആയതിനാൽ പഞ്ചായത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾക്ക് ഏറെ പ്രയാസകരമാകുമെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥലം വാങ്ങുന്നതെന്നും നാട്ടുകാർ നേരത്തെ ആരോപിച്ചതാണ്. ബിനാമി ഇടപാടിലൂടെയാണ് അധിക സ്ഥലവും പഞ്ചായത്ത് സ്വന്തമാക്കുന്നത്. കാടുപിടിച്ചും, കാലികൾ മേഞ്ഞ് നടക്കുന്ന വയലുകൾ കാർഷിക ആവശ്യത്തിന് വിട്ട് നൽകിയാൽ അയൽകൂട്ടങ്ങൾ കൃഷിയിറക്കാൻ തയ്യാറാകുമെന്ന് കർഷക കൂട്ടായമ പറഞ്ഞു.

Similar News