കോഴിക്കോട് ജില്ലയിൽ 10 തദ്ദേശ സ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

ചികിൽസ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.

Update: 2021-04-27 15:50 GMT

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ഒളവണ്ണ, വേളം, പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഏപ്രിൽ 28 മുതൽ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ നടപ്പിലാക്കും.

ചികിൽസ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. അനുവദിക്കപ്പെട്ട കടകൾ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ രാത്രി ഒമ്പത് മണി വരെ പാഴ്സൽ അനുവദനീയമാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങൾക്കോ ചികിൽസയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളിൽനിന്ന് ഇവിടേയ്ക്കോ പ്രവേശിക്കാൻ അനുവാദമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കുറയുന്നതു വരെ നിയന്ത്രണങ്ങൾ തുടരും.

എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണുന്നവർ ടെസ്റ്റ് നടത്തുകയും സമ്പർക്കത്തിൽ വന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക ശ്രദ്ധ കൊടുക്കുകയും വേണം. പോലിസ്, സെക്ടർ മജിസ്ട്രേറ്റ്, ക്ലസ്റ്റർ കമാൻഡർ എന്നിവർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ജില്ലാ പോലിസ് മേധാവികൾ, താലൂക്ക് ഇൻസിഡന്റ് കമാൻഡർ എന്നിവരുടെ കർശന നിരീക്ഷണവും ഉണ്ടാവും.

Similar News