കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: പുഴകളിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ

മലയോര മേഖലകളിലെ ഉൾവനങ്ങളിൽ കനത്ത മഴ ഉണ്ടാകുന്നതിനാൽ നദികളിൽ കുത്തൊഴുക്കു കൂടിയിട്ടുണ്ട്.

Update: 2021-10-14 12:26 GMT

കോഴിക്കോട്: ജില്ലയിലെ ഉൾവനങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ജില്ലയിലെ പുഴകളിലൊന്നും ഇറങ്ങാൻ പാടില്ലെന്നും ജില്ല കലക്ടർ എൻ തേജ്ലോഹിത് റെഡ്ഡി അറിയിച്ചു.

മലയോര മേഖലകളിലെ ഉൾവനങ്ങളിൽ കനത്ത മഴ ഉണ്ടാകുന്നതിനാൽ നദികളിൽ കുത്തൊഴുക്കു കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം. നിരോധനം കർശനമായി നടപ്പാക്കുന്നതിൽ പോലിസിനോടും ഫയർ ആൻഡ് റസ്ക്യൂ ടീമിനോട് സഹകരിക്കുകയും മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ സഹായിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.

അതേസമയം ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ രാവിലെ മുതൽ മഴ കുറഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് പലരും വീട്ടിലേക്ക് മടങ്ങി. 15 ക്യാംപുകളില്‍ 2 എണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ഒരു ക്യാംപും കച്ചേരി വില്ലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാംപുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരുണ്ട്.

Similar News