"മാധ്യമ സ്വാതന്ത്ര്യത്തിന്‌ വിലങ്ങ്‌ വീഴുമ്പോൾ"; ദമ്മാം മീഡിയാ ഫോറം പ്രതികരണ സദസ് സംഘടിപ്പിക്കുന്നു

ക്രിയാത്മകമായ ജനാധിപത്യത്തിന്റെ നിലനിൽപ്പിന്‌ മാധ്യമങ്ങൾക്ക്‌ സ്വതന്ത്രമായും മാധ്യമ പ്രവർത്തകർക്ക്‌ നിർഭയമായും പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം.

Update: 2022-02-10 15:32 GMT

ദമ്മാം: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നാലാം തൂണ്‌ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾക്ക്‌ മേൽ ഭരണകൂടങ്ങളിൽ നിന്ന് അന്യായമായ നിയന്ത്രണങ്ങൾ വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദമ്മാം മീഡിയാ ഫോറം പ്രതികരണ സദസ്സ്‌ സംഘടിപ്പിക്കുന്നു. "മാധ്യമ സ്വാതന്ത്ര്യത്തിന്‌ വിലങ്ങ്‌ വീഴുമ്പോൾ" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പ്രതികരണ സദസിൽ സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ പൗരപ്രമുഖർ സംബന്ധിക്കും.

ക്രിയാത്മകമായ ജനാധിപത്യത്തിന്റെ നിലനിൽപ്പിന്‌ മാധ്യമങ്ങൾക്ക്‌ സ്വതന്ത്രമായും മാധ്യമ പ്രവർത്തകർക്ക്‌ നിർഭയമായും പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം. എന്നാൽ ഇന്ന് ഭരണകൂടങ്ങളുടെ ചെയ്തികളിൽ സംഭവിക്കുന്ന വീഴ്ച്ചകളെ ചൂണ്ടിക്കാണിക്കുകയും തിരുത്താൻ അവസരമൊരുകയും ചെയ്യുക എന്ന മാധ്യമ ദൗത്യം ദേശദ്രോഹ പ്രവർത്തനമായി ഭരണകൂടങ്ങൾ വ്യാഖ്യാനിക്കുന്നു.

മാധ്യമങ്ങൾക്കുമോൽ ഭരണകൂടങ്ങൾ അന്യായമായ വിലക്കേർപ്പെടുത്തുന്നതിലൂടെ രാജ്യം കാത്ത്‌ സൂക്ഷിക്കുന്ന ജനാധിപത്യ സംവിധാനത്തിന്‌ സംഭവിക്കുന്ന ബലക്ഷയം ചെറുതായിരിക്കില്ല. ഈ ഘട്ടത്തിലാണ്‌ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി ദമ്മാം മീഡിയാ ഫോറം പൗരസമൂഹത്തിന്റെ പ്രതികരണം ആരായുന്നത്‌. ഫെബ്രുവരി 12 ശനിയാഴ്ച്ച വൈകിട്ട്‌ 07.30 മണിക്ക്‌ ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നിശ്ചയിച്ചിട്ടുള്ള പരിപാടിയിലേക്ക്‌ കിഴക്കൻ പ്രവിശ്യയിലെ മുഴുവൻ പൗര പ്രമുഖരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Similar News