കൊവിഡ്; ദേശീയപാത വിചാരണ നിർത്തിവെക്കണം: ആക്ഷൻ കൗൺസിൽ

ദിവസേന നൂറോളം പ്രായമായവരും സ്ത്രീകളും അടങ്ങുന്ന ഭൂവുടമകളെ ആണ് അവർ വിചാരണക്കായി ക്ഷണിച്ചിട്ടുള്ളത്.

Update: 2020-08-14 12:03 GMT

മലപ്പുറം: ജില്ലാ കലക്ടർക്കും, ഡെപ്യൂട്ടി കലക്ടർക്കും, സബ് കലക്ടർക്കും കലക്ടറേറ്റിലെ 22 ഓളം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിച്ചെന വാളക്കുളം ഭൂമിയെടുപ്പ് ഓഫീസിൽ നടക്കുന്ന ദേശീയപാത വിചാരണ ഉടനെ നിർത്തിവെക്കണമെന്ന് ആക്ഷൻ കൗൺസിൽ.

മലപ്പുറം കലക്ടറേറ്റിൽ ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഡെപ്യൂട്ടി കലക്ടർ ജെഒ അരുണിനും കൊവിഡ് പകർന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്. മലപ്പുറം കലക്ടറേറ്റുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്ന ഡെപ്യൂട്ടി കലക്ടർ വാളക്കുളം ലാൻഡ് അക്വിസിഷൻ ഓഫീസിൽ സ്ഥിരമായി കൃത്യനിർവഹണത്തിന് ഹാജരായ സ്ഥിതിക്ക് അദ്ദേഹവും ആ ഓഫീസിലെ മുഴുവൻ പേരും ക്വാറൻറ്റൈനിൽ നിർബന്ധമായും പോകേണ്ടതാണ്. അദ്ദേഹത്തിന് രോ​ഗം സ്ഥിരീകരിച്ചാൽ സമൂഹ വ്യാപനത്തിലേക്കാണ് കാര്യങ്ങൾ പോവുക. ഇതുവരെ അദ്ദേഹത്തിൻറെ ഓഫീസുമായി ബന്ധപ്പെട്ട ജില്ലയിലെ എല്ലാ ദേശീയപാത ഇരകളും അവരെ അനുഗമിച്ചവരും നിരീക്ഷണത്തിൽ പോകേണ്ടതായി വരുമന്ന് പ്രസ്താവനയിൽ പറയുന്നു.

ദിവസേന നൂറോളം പ്രായമായവരും സ്ത്രീകളും അടങ്ങുന്ന ഭൂവുടമകളെ ആണ് അവർ വിചാരണക്കായി ക്ഷണിച്ചിട്ടുള്ളത്. കൊവിഡ് കാരണം കൊണ്ട് വിചാരണയ്ക്ക് ഹാജരാവാൻ കഴിയില്ലെന്നറിയിച്ചുകൊണ്ട് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് പരാതി അയച്ചിട്ടും അതിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത കോംപീറ്റൻറ്റ് അതോറിറ്റിയും സർക്കാറും ജനങ്ങളുടെ ജീവന് വലിയ വില നൽകേണ്ടി വരുമെന്നും അതുകൊണ്ട് മലപ്പുറം ജില്ലയിലെ ഇപ്പോൾ നടക്കുന്ന ദേശീയപാത വിചാരണ കൊവിഡ് കാലം കഴിയുന്നതുവരെ അടിയന്തരമായി നിർത്തിവെക്കണമെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ കുഞ്ഞാലൻ ഹാജിയും കൺവീനർ നൗഷാദ് വെന്നിയൂരും അറിയിച്ചു.

Similar News