പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിങ്കളാഴ്ച്ച നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2020-07-20 13:18 GMT

പാലക്കാട്: പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേരും ഉൾപ്പെടെ ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

20 പേരാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ എത്തിയവർ. ഇതിൽ കോട്ടോപ്പാടം, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ യഥാക്രമം 3,5,13 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്. കൂടാതെ ജില്ലയിൽ 93 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ആൻറിജൻ പരിശോധന തുടർന്നു വരികയാണ്. പട്ടാമ്പിയിൽ ഇന്നലെ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 39 പേർക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 29 പാലക്കാട് സ്വദേശികൾക്കും 7 തൃശൂർ സ്വദേശികൾക്കും 3 മലപ്പുറം സ്വദേശികൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിൽസയിൽ ഉണ്ട്.