മലപ്പുറം ജില്ലയില്‍ 3000 കടന്ന് പ്രതിദിന രോഗബാധിതര്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.21 ശതമാനം

കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Update: 2021-04-25 13:05 GMT

മലപ്പുറം: കൊവിഡ് വ്യാപനം ഗണ്യമായി ഉയരുന്നതിനിടെ മലപ്പുറം ജില്ലയില്‍ മുവ്വായിരവും കടന്ന് പ്രതിദിന രോഗികള്‍. 3,123 പേര്‍ക്കാണ് ഞായറാഴ്ച ജില്ലയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരില്‍ 2,951 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. 83 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടമറിയാന്‍ സാധിച്ചിട്ടില്ല. വൈറസ് ബാധിതരായവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 87 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 651 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അതേസമയം 754 പേരാണ് ഇന്ന് ജില്ലയില്‍ കൊവിഡ് മുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 1,27,997 ആയി. ജില്ലയില്‍ നിലവില്‍ 38,702 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21,957 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 432 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 233 പേരും 188 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Similar News