മാഹി ബൈപ്പാസ് സർവീസ് റോഡിന്റെ പൂർത്തീകരണം; എസ്ഡിപിഐ തലശ്ശേരി സബ് കലക്ടർക്ക് നിവേദനം നൽകി

മാഹി ബൈപ്പാസ് പ്രൊജക്റ്റ്‌ പ്ലാൻ പ്രകാരം പണിയേണ്ടിയിരുന്ന 240 മീറ്റർ സർവീസ് റോഡ് കേരള അതിർത്തി വരെ 200 മീറ്റർ പണി പൂർത്തിയായെങ്കിലും പോണ്ടിച്ചേരി സ്റ്റേറ്റ് അതിർത്തിയിലുള്ള 40 മീറ്റർ റോഡ് പണി പൂർത്തിയാവാതെ കിടക്കുകയാണ്.

Update: 2022-07-05 15:56 GMT

മാഹി: മാഹി ബൈപ്പാസ് ഹൈവേയുമായി ബന്ധപ്പെട്ട കൊയ്യോട്ടു തെരു (പള്ളൂർ) സർവീസ് റോഡിന്റെ പൂർത്തീകരണം ആവശ്യപ്പെട്ട് എസ്ഡിപിഐ മാഹി മണ്ഡലം സെക്രട്ടറി സി കെ ഉമ്മർ മാസ്റ്റർ തലശ്ശേരി സബ് കലക്ടർക്ക് നിവേദനം കൈമാറി.

മാഹി ബൈപ്പാസ് പ്രൊജക്റ്റ്‌ പ്ലാൻ പ്രകാരം പണിയേണ്ടിയിരുന്ന 240 മീറ്റർ സർവീസ് റോഡ് കേരള അതിർത്തി വരെ 200 മീറ്റർ പണി പൂർത്തിയായെങ്കിലും പോണ്ടിച്ചേരി സ്റ്റേറ്റ് അതിർത്തിയിലുള്ള 40 മീറ്റർ റോഡ് പണി പൂർത്തിയാവാതെ കിടക്കുകയാണ്. 40 മീറ്റർ നീളവും ഏഴര മീറ്റർ വീതിയും ആവശ്യമുള്ള റോഡിന് വെറും 2.5 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ തല്ക്കാലികമായി ചളിക്കുണ്ടിൽ ജില്ലിയിട്ടു കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.

അതിനാൽ മെയിൻ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് വാഹനത്തിന് തിരിഞ്ഞു കയറാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ആയതിനാൽ നിർദ്ദിഷ്ട സർവീസ് റോഡ് പൂർത്തിയാക്കാൻ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് മാഹി ബൈപ്പാസ് ഹൈവേ പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. അധികൃതരുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാനുള്ള നടപടികൾ ചെയ്യുമെന്ന് സബ് കലക്ടർ ഉറപ്പ് നൽകി.

എസ്ഡിപിഐ സംസ്ഥാന സമിതി അംഗം നാസർ ചാലക്കര, മണ്ഡലം പ്രസിഡന്റ്‌ മൻസൂർ, അബ്ദുൽ അസീസ് ഇടയിൽ പീടിക, ഹൈദർ അലി ചാലക്കര തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.