വോട്ടുചോര്‍ച്ച, പിന്നില്‍ വി മുരളീധരന്റെ സ്റ്റാഫ് അംഗം; ബിജെപിയിൽ കലാപം

ബിജെപി സംസ്ഥാന കമ്മറ്റിയംഗവും കേന്ദ്ര മന്ത്രി വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായ സനോജിന്റെ നേതൃത്വത്തില്‍ വോട്ടുമറിക്കാന്‍ ശ്രമം നടന്നെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

Update: 2020-12-20 14:36 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ കാലടി വാര്‍ഡിനെച്ചൊല്ലി ബിജെപിയില്‍ കലാപം. കാലടി വാര്‍ഡില്‍ വോട്ടു ചോര്‍ന്നെന്ന് ആരോപിച്ചാണ് ഭിന്നിപ്പ് ഉടലെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന വാര്‍ഡില്‍ ഇക്കുറി 23 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്. ഈ വോട്ടു ചോര്‍ച്ചയിലാണ് ചോദ്യമുയരുന്നത്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ബിജെപി സംസ്ഥാന കമ്മറ്റിയംഗവും കേന്ദ്ര മന്ത്രി വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായ സനോജിന്റെ നേതൃത്വത്തില്‍ വോട്ടുമറിക്കാന്‍ ശ്രമം നടന്നെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സനോജ് കുലംകുത്തിയെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചിട്ടുണ്ട്.

വോട്ടുചോര്‍ച്ചയില്‍ പാര്‍ട്ടി അന്വേഷണത്തിന് തീരുമാനിച്ചിരിക്കെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സനോജിന്റെ പ്രതികരണം.

Similar News