മരം മുറിയുടെ മറവിൽ ബസ് കാത്തിരിപ്പ് കെട്ടിടം തകർത്തു

റോഡരികിലുള്ള മരം മുറിച്ചുമാറ്റുന്നതിനിടയിൽ ജെസിബി ഉപയോഗിച്ച് ബസ് കാത്തിരിപ്പ് കെട്ടിടത്തിലേക്ക് മരം മറിച്ചിട്ടതിനെ തുടർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം മുഴുവനായി തകർന്നത്.

Update: 2022-04-24 14:53 GMT

അരീക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പത്തനാപുരം പള്ളിപ്പടി ഭാഗത്തെ റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി തണൽമരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ കിഴുപറമ്പ് പഞ്ചായത്ത് നിർച്ചിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു. പള്ളിപ്പടിയിൽ വൃദ്ധരും വിദ്യാർഥികളും സ്ത്രീകളുമടക്കം ദീർഘസമയം ബസ് കാത്തിരിക്കുന്ന ബസ് സ്റ്റോപ്പിന് പിറകിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന് മറയായി നിൽക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മരംമുറിയുടെ മറവിൽ തകർത്തത്.

റോഡരികിലുള്ള മരം മുറിച്ചുമാറ്റുന്നതിനിടയിൽ ജെസിബി ഉപയോഗിച്ച് ബസ് കാത്തിരിപ്പ് കെട്ടിടത്തിലേക്ക് മരം മറിച്ചിട്ടതിനെ തുടർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം മുഴുവനായി തകർന്നത്. ലക്ഷങ്ങൾ മുടക്കി കിഴുപറമ്പ് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടം സുരക്ഷ പാലിക്കാതെ മരംമുറി കരാർ എടുത്തവർ പൂർണ്ണമായി തകർക്കുകയായിരുന്നു. മരംമുറി കരാർ എടുത്തവർ പൊതുമുതൽ നാശനഷ്ടം വരുത്താതെ മുറിച്ച് മാറ്റണമെന്നാണ് വ്യവസ്ഥ. എന്നാൽ വ്യവസ്ഥ പാലിക്കാതെ മനപ്പൂർവം കെട്ടിടത്തിലേക്ക് മരം തള്ളിയിട്ട് പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ട് പരാതി സമർപ്പിക്കാൻ നീക്കം നടക്കുന്നതായി ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരം.