റെയിൽ മുറിച്ചുകടക്കാൻ കഴിയാത്ത രീതിയിൽ ഫെൻസിങ്ങ് നിർമിക്കുന്നതിനെതിരേ സർവകക്ഷി യോഗം

പഞ്ചായത്തിനെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചാണ് ഈ റെയിൽവേ ലൈൻ കടന്നു പോകുന്നത്. ആകെ ജനസംഖ്യയായ 65000 ത്തിൽ പകുതിയോളം പേർ റെയിലിന് പടിഞ്ഞാറ് വശത്താണ് അധിവസിക്കുന്നത്.

Update: 2022-02-15 18:15 GMT

താനാളൂർ: താനാളൂർ പഞ്ചായത്ത് പരിധിയിലൂടെ കടന്ന് പോകുന്ന തിരൂർ താനൂർ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ലൈനിൽ വലിയപാടം മുതൽ കമ്പനിപ്പടി വരെയുള്ള പ്രദേശത്ത് ജനങ്ങൾക്ക് റെയിൽ മുറിച്ചുകടക്കാൻ കഴിയാത്ത രീതിയിൽ ഫെൻസിങ്ങ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ചേർന്നു. താനാളൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിനെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചാണ് ഈ റെയിൽവേ ലൈൻ കടന്നു പോകുന്നത്. ആകെ ജനസംഖ്യയായ 65000 ത്തിൽ പകുതിയോളം പേർ റെയിലിന് പടിഞ്ഞാറ് വശത്താണ് അധിവസിക്കുന്നത്. റെയിൽ ക്രോസ് ചെയ്യുക എന്നത് ജനങ്ങളുടെ നിത്യജീവിതത്തിൽ അനിവാര്യമാണ്. ഈ അവസ്ഥ നിലനിൽക്കുമ്പോഴാണ് റെയിൽവേ അധികൃതർ റെയിലിന് സമാന്തരമായി മതിൽ നിർമിക്കാൻ മുതിരുന്നത്. ജനങ്ങളുടെ നിലവിലുള്ള സഞ്ചാരസ്വാതന്ത്ര്യം ഹനിയ്ക്കുന്നതാണ് ഈ നടപടി .

പൂർണമായും കൊട്ടിയടയ്ക്കാതെ 500 മീറ്റർ ഇടവിട്ടെങ്കിലും ജനങ്ങൾക്ക് റെയിൽ മുറിച്ചു കടക്കുന്നതിന് നിയന്ത്രിത കവാടങ്ങൾ അനുവദിയ്ക്കണമെന്നും ഏറ്റവും കൂടുതൽ ജനങ്ങൾ റെയിൽ ക്രോസ് ചെയ്യുന്ന വട്ടത്താണിയിൽ ഉചിതമായ വിപുലമായ സൗകര്യം ഉടൻ ഒരുക്കണമെന്നും പഞ്ചായത്ത് സർവകക്ഷി യോഗം റെയിൽവേ അധികാരികളോടാവശ്യപ്പെടാനും റെയിൽവേ ഡിവിഷനൽ മാനേജർ, ബഹു: റെയിൽവേമന്ത്രി, സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ, പൊന്നാനി മണ്ഡലം ലോക്സഭാംഗം എന്നിവരെ വിവരങ്ങൾ ധരിപ്പിക്കാനും ആവശ്യമെങ്കിൽ പ്രസിഡന്റിൻ്റെ നേതൃത്വത്തിൽ മേലധികാരികളെ സന്ദർശിക്കാനും തീരുമാനിച്ചു.

ഒ രാജൻ, ഗീതാ മാധവൻ, പി അബ്ദുൾ സമദ്, കെ വി മൊയ്തീൻ കുട്ടി,റഫീഖ് മീനടത്തൂർ ,നാദിർഷ കടായിക്കൽ എന്നീ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി അബ്ദുറസാക്ക്, സ്റ്റാൻ്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷരായ പി സതീശൻ, സിനി കെവി, അമീറ കുനിയിൽ, ചാത്തേരി സുലൈമാൻ, കെ ഫാത്തിമാ ബീവി എന്നിവർ സംസാരിച്ചു.

Similar News