തപാൽ വകുപ്പിൻ്റെ കീഴിലുള്ള ദേശീയ സമ്പാദ്യ പദ്ധതിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ ഏജൻ്റ് അറസ്റ്റിൽ

പയ്യോളി, വടകര, എടച്ചേരി സ്റ്റേഷനുകളിലായി ഇതിനകം 112 പരാതികളാണ് ലഭിച്ചത്.

Update: 2021-06-24 19:02 GMT

പയ്യോളി: തപാൽ വകുപ്പിൻ്റെ കീഴിലുള്ള ദേശീയ സമ്പാദ്യ പദ്ധതിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ ഏജൻ്റ് അറസ്റ്റിൽ. മണിയൂർ പഞ്ചായത്തിലെ എളമ്പിലാട് പുതുക്കോട്ട് ശാന്ത (60) യെയാണ് പയ്യോളി സി ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എളമ്പിലാട് , മുതുവന , കുറുന്തോടി , കുന്നത്തുകര പ്രദേശങ്ങളിലെ നൂറിലധികം നിക്ഷേപകരായ വീട്ടമ്മമാരുടെ ലക്ഷങ്ങളാണ് പദ്ധതിയുടെ മറവിൽ യുവതി തട്ടിയെടുത്തത്. അഞ്ച് വർഷത്തേക്ക് പതിനായിരങ്ങൾ മുതൽ മൂന്ന് ലക്ഷം രൂപ വരെയുള്ള നിക്ഷേപ പദ്ധതികളിലാണ് വൻതട്ടിപ്പ് നടന്നിരിക്കുന്നത്. മാസത്തിൽ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പണം കാർഡിൽ രേഖപ്പെടുത്തി നൽകുന്നുവെങ്കിലും പണം വടകര ഹെഡ് പോസ്റ്റാഫീസിൽ ഏജൻ്റ് അടച്ചിട്ടില്ലെന്ന് നിക്ഷേപകരുടെ അന്വേഷണത്തിൽ വ്യക്തമായതോടെയാണ് പണം തട്ടിപ്പ് പുറത്ത് വരുന്നത്.

മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച കുറുന്തോടി സ്വദേശിയായ വീട്ടമ്മയുടെ പതിനായിരം രൂപ മാത്രമേ പോസ്റ്റാഫീസിൽ അടച്ചിട്ടുള്ളൂ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ് വഴി മുതുവന സ്വദേശിക്ക് നാൽപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പാസ്സ് ബുക്കിലെ യഥാർത്ഥ പേര് വെട്ടിമാറ്റി വ്യാജപാസ്സ് ബുക്ക് നൽകി മറ്റൊരാളുടെ മൂന്ന് ലക്ഷം രൂപയും തട്ടിപ്പിൻ്റെ ഭാഗമായി നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പരാതി വെളിപ്പെടുത്താത്ത പ്രദേശത്തെ നൂറുക്കണക്കിന് നിക്ഷേപകരുടെ പണം വേറേയും നഷ്ടപ്പെട്ടിട്ടുണ്ട്.

പയ്യോളി, വടകര, എടച്ചേരി സ്റ്റേഷനുകളിലായി ഇതിനകം 112 പരാതികളാണ് ലഭിച്ചത്. 2015 ൽ അഞ്ച് വർഷത്തേക്ക് തുടങ്ങിയ നിക്ഷേപത്തിൻ്റെ കാലാവധി 2020 സെപ്തംബറിൽ അവസാനിച്ചുവെങ്കിലും തുക തിരിച്ച് നൽകുന്നത് സംബന്ധിച്ച് കൊവിഡിൻ്റെയും ലോക്ക്ഡൗണിൻ്റേയും പേര് പറഞ്ഞ് ഏജൻ്റായ യുവതി അനിശ്ചിതമായി നീട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. അതിനിടയിൽ യുവതി നാട്ടിലെ പരിചയക്കാരോട് സ്വർണ്ണാഭരണങ്ങൾ കടം വാങ്ങി പണയം വെച്ചതായും ആരോപണമുയർന്നിരുന്നു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് ഏജൻ്റിനെ നിയമച്ചിരുന്നത്. ഇതിനെ തുടർന്ന് തട്ടിപ്പിനിരയായ നിരവധി പേർ ബ്ലോക്ക് ഓഫീസിൽ പരാതിയുമായി എത്തിയിരുന്നു. നിക്ഷേപ തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭവുമായി രംഗത്ത് വന്നിരുന്നു. എസ്ഐ വി ആർ വിനീഷിൻ്റെ നേതൃത്വത്തിൽ പയ്യോളി, വടകര, എടച്ചേരി സ്റ്റേഷനുകളിൽ നിന്നുള്ള എട്ടംഗ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.

Similar News