കഞ്ചാവും എംഡിഎംഎയുമായി 5 പേർ പിടിയിൽ
മയക്കുമരുന്ന് ബാംഗ്ലൂർ നിന്നും ഒരു ഗ്രാമിന് 5000 രൂപ നിരക്കിൽ വാങ്ങിയതാണെന്നും വിൽപനയ്ക്ക് ശേഷം ബാക്കിയുള്ളത് സ്വന്തമായി ഉപയോഗിക്കുമെന്നും കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
മലപ്പുറം: ആഡംബര കാറുകളിൽ കഞ്ചാവും എംഡിഎംഎയുമാായി കറങ്ങിയ 5 അംഗ സംഘത്തെ പരപ്പനങ്ങാടി പോലിസ് പിടികൂടി. പരപ്പനങ്ങാടി അഞ്ചപ്പുര ജംഗ്ഷന് സമീപത്തായി പണിതു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് 5 പേരെയും അറസ്റ്റ് ചെയ്തത്.
വേങ്ങര പൂച്ചോലമാട് സ്വദേശി അബ്ദുൾ റഹ്മാൻ, ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് സ്വദേശി ഷെമീർ, താനൂർ എളാരം ബീച്ച് സ്വദേശി ത്വൽഹത്, പരപ്പനങ്ങാടി മാപ്പൂട്ടിൽ സ്വദേശി ജിഹാദ്, താനൂർ പുതിയ കടപ്പുറം സ്വദേശി അബു സ്വാലിഹ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നും കഞ്ചാവും എംഡിഎംഎയും അത് ചൂടാക്കിവലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഗ്യാസ് ലൈറ്ററുകളും പോലിസ് പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ബാംഗ്ലൂർ നിന്നും ഒരു ഗ്രാമിന് 5000 രൂപ നിരക്കിൽ വാങ്ങിയതാണെന്നും വിൽപനയ്ക്ക് ശേഷം ബാക്കിയുള്ളത് സ്വന്തമായി ഉപയോഗിക്കുമെന്നും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വിൽപന വഴി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്നു ജീപ്പ് കോംപാസ് കാറും ടിയാഗോ കാറും ആക്സസ് ബൈക്കും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിൽ കൊള്ളിച്ച് പണം ഗവൺമെന്റിലേക്ക് മുതൽ കൂട്ടുന്നതിനായി എക്സൈസ് ഡിപ്പാർട്ടുമെന്റിന് ഉടനെ കൈമാറും.
