കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരേ വധശ്രമത്തിന് കേസ്സെടുത്തിട്ടില്ലെന്ന യുവതിയുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍

വിശദമായ റിപോര്‍ട്ട് ഏഴ് ദിവസത്തിനകം നല്‍കാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി.

Update: 2021-11-30 07:22 GMT

തിരുവനന്തപുരം: തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് വിആര്‍ രാജേഷിനെതിരേ വധശ്രമത്തിന് കേസ്സെടുത്തിട്ടില്ലെന്ന യുവതിയുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. വടക്കേക്കര പോലിസിനെതിരേ വെണ്ണല സ്വദേശിയായ യുവതി വനിതാ കമ്മിഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഭര്‍ത്താവിനും സഹോദരിക്കുമെതിരേ, കോടതിയുടെ പരിരക്ഷാ ഉത്തരവുണ്ടായിട്ടും തന്നെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള യുവതിയുടെ പരാതിയില്‍ മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയെങ്കിലും വടക്കേക്കര പോലിസ് ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ്സെടുത്തിട്ടില്ലെന്നതാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ പരാതി.

സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ഇയാളുടെ സഹോദരിയും ഭര്‍ത്താവിനെയും പ്രതി ചേര്‍ത്തിട്ടില്ല എന്ന വിഷയവും അടിയന്തരമായി അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിച്ച്, വിശദമായ റിപോര്‍ട്ട് ഏഴ് ദിവസത്തിനകം നല്‍കാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി.

Tags: