പുതുവല്‍സരാഘോഷത്തിനിടെ പോലിസിനു നേരെ ആക്രമണം; നെയ്യാറ്റിന്‍കരയില്‍ 10 പേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് അഴൂര്‍ ആറടിപ്പാലത്തിന് സമീപത്തെ കോളനിയില്‍ നടന്ന പുതുവല്‍സരാഘോഷ സ്ഥലത്തായിരുന്നു സംഭവം.

Update: 2019-01-01 10:47 GMT

തിരുവനന്തപുരം: പുതുവല്‍സരാഘോഷത്തിനിടെ പോലിസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ 10 പേരെ അറസ്റ്റുചെയ്തു. ചിറയിന്‍കീഴ് പോലിസ് സ്‌റ്റേഷനിലെ എസ്‌ഐയ്ക്കും പോലിസുകാര്‍ക്കുമാണ് അക്രമികളുടെ മര്‍ദനമേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് അഴൂര്‍ ആറടിപ്പാലത്തിന് സമീപത്തെ കോളനിയില്‍ നടന്ന പുതുവല്‍സരാഘോഷ സ്ഥലത്തായിരുന്നു സംഭവം. പോലിസിനെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ അറിയിച്ചു.

പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായി മൈക്ക് സെറ്റ് വലിയ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചിറയിന്‍കീഴ് എസ്‌ഐ നിയാസും സംഘവും സ്ഥലത്തെത്തിയത്. മൈക്ക് സെറ്റ് ഓഫാക്കാന്‍ നിര്‍ദേശിച്ച എസ്‌ഐ ഉള്‍പ്പെട്ട സംഘത്തിനുനേരെ 35 ഓളം വരുന്ന യുവാക്കള്‍ ആക്രമണം നടത്തുകയായിരുന്നു. ബലം പ്രയോഗിച്ച് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് ജീപ്പിന് കേടുവരുത്തുകയും പോലിസുകാരെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് എസ്‌ഐയും പോലിസുകാരും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ ആദ്യം 15 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും 10 പേരുടെ അറസ്റ്റുമാത്രമാണ് രേഖപ്പെടുത്തിയത്. 35 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പോലിസിന് ജീപ്പിന് 35,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്.

Tags:    

Similar News