സംരക്ഷിതവനത്തില്‍ യൂനിഫോമില്‍ വരുന്നതെന്തിനാണ്; മാവോവാദി വേട്ടയെ ന്യായീകരിച്ച് ഡിജിപി

മാവോവാദി വേട്ടയ്ക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുത്തില്‍ തെറ്റില്ല. സ്വര്‍ണക്കടത്ത് തടയാന്‍ മഹാരാഷ്ട്ര മോഡല്‍ നിയമം പരിഗണനയിലെന്നും ഡിജിപി

Update: 2021-06-27 07:58 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മാവോവാദി വേട്ടയെ ന്യായീകരിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റ. സംരക്ഷിത വനത്തില്‍ യൂനിഫോമിട്ട് വരുന്നവര്‍ നിരപരാധികളല്ലെന്നും തന്റെ കര്‍ത്തവ്യമാണ് ചെയ്തതെന്നും ഡിജിപി സ്വകാര്യ ചാനലിനോട് പറഞ്ഞു.

മാവോവാദി ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത് ബഹ്‌റയുടെ കാലത്താണ്. എട്ടു മാവോവാദികളെന്ന് സംശിക്കുന്നവരെയാണ് കേരള പോലിസ് വെടി വെച്ച് കൊന്നത്. കീഴടങ്ങാന്‍ തയ്യാറായവരാണ് കൊലപ്പെടുത്തിയതെന്നും അന്ന് ആരോപണമുണ്ടായിട്ടുണ്ട്. ഭരണകക്ഷിയായിരുന്ന സിപിഐ പോലും മാവോവാദി കൂട്ടക്കൊലക്കെതിരേ രംഗത്ത് വന്നിരുന്നു.

ഡിജിപിയുടെ വാക്കുകള്‍:

'കീഴടങ്ങല്‍ പോളിസിയുടെ ഭാഗമായി ഞങ്ങള്‍ നിരന്തരം കാര്യങ്ങള്‍ ചെയ്തു. കുടുംബത്തിന് പൈസ കൊടുക്കുന്ന ആലോചനകള്‍ വരെ മുന്നോട്ട് വെച്ചു. ചെറിയ അലംഭാവം ഉണ്ടെങ്കില്‍ മാവോകള്‍ക്കിടയിലെ തീവ്രസ്വഭാവം കൂടുമെന്നതില്‍ സംശയമില്ല. സംരക്ഷിത വനത്തില്‍ യൂനിഫോമിട്ട് വരുന്നവര്‍ നിരപരാധികളല്ല. ഞാന്‍ എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഞാന്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. മാവോവാദി വേട്ടയില്‍ ഒരു ഖേദവും ഇല്ല.' ബെഹ്‌റ പറഞ്ഞു.

മാവോവാദി വേട്ടയ്ക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുത്തില്‍ തെറ്റില്ല. രാജ്യസുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്. 400 കിലോമീറ്റര്‍ ദൂരെ ആക്രണമുണ്ടായാല്‍ പെട്ടന്ന് എത്താന്‍ ആയുധമുപയോഗിക്കാന്‍ കഴിയുന്ന കോപ്റ്റര്‍ ആവശ്യമാണ്. കോപ്റ്ററിനായി ടെന്‍ഡന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ബിജെപിയുടെ നോമിനിയാണെന്നും പലരും പറയുന്നുണ്ടെങ്കിലും വസ്തുത അതല്ലെന്നും ബെഹ്‌റ പറഞ്ഞു. സ്വര്‍ണക്കടത്ത്് തടയാന്‍ മഹാരാഷ്ട്ര മോഡല്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണ്. കേരളത്തില്‍ ഭീകരപ്രവര്‍ത്തകരുടെ സ്വീപ്പിങ് സെല്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയാന്‍ കഴിയില്ല. എന്നാല്‍ അടുത്ത കാലത്തായി അത്തരം പ്രവണതകള്‍ കേരളത്തില്‍ കുറവാണ്. സംശയമുള്ളവരെ നിരീക്ഷിക്കാന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ചു വലിയ ഡേറ്റ അനാലിസിസ് നടക്കുണ്ട്്. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് സഹകരണം ലഭിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

ഈ മാസം 30ന് ഡിജിപി വിരമിക്കും.


Tags:    

Similar News