ഓണ്‍ലൈന്‍ പഠനത്തിനിടെ കുട്ടികളെ പോലിസ് കേബിള്‍ കൊണ്ട് മര്‍ദ്ദിച്ച സംഭവം: നടപടിയെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി അനീഷ്, സുരേഷ്‌കുമാര്‍, പോലിസുകാരായ അനുരാഗ്, ബിനു എന്നിവര്‍ക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ ഉത്തരവായത്. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Update: 2021-09-13 13:21 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ കാട്ടാക്കട പോലിസ് കേബിള്‍ വയര്‍ കൊണ്ട് മര്‍ദ്ദിക്കുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ്കുമാര്‍, അംഗം കെ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. സംഭവവുമായി ബന്ധപ്പെട്ട്് സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി അനീഷ്, സുരേഷ്‌കുമാര്‍, പോലിസുകാരായ അനുരാഗ്, ബിനു എന്നിവര്‍ക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാണ് കമ്മീഷന്‍ ഉത്തരവായത്. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 7ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പോലിസ് വാഹനത്തില്‍ നിന്നും കുട്ടികളെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചതായി പറയുന്ന കേബിള്‍ വയര്‍ കണ്ടെടുത്തിരുന്നു.

Tags: