എഎന്‍ ഷംസീറിന്റെ ഭാര്യക്ക് നിയമനം; ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടി

Update: 2021-04-24 11:26 GMT

തിരുവനന്തപുരം: എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ. പിഎം സഹ്‌ലയെ കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫ. തസ്തികയില്‍ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ വിസിയോട് വിശദീകരണം  തേടി. സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിന്‍ മേലാണ് നടപടി. പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി എഎന്‍ ഷംസീറിന്റെ ഭാര്യ ഡോ. സഹലയെ അസി.പ്രഫ. എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ ശ്രമം നടന്നു എന്നാണ് പരാതി. കണ്ണൂര്‍ സര്‍വകലാശാലയില്‍ യുജിസിയുടെ എച്ച്ആര്‍ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രഫസറുടെ സ്ഥിരം തസ്തികയിലേക്ക് 30 പേരെ ഏപ്രില്‍ 16നാണ് ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തിയത്. ഈ സെന്ററിലെ തസ്തികകളെല്ലാം യുജിസി വ്യവസ്ഥയനുസരിച്ച് താല്‍ക്കാലികമാണെങ്കിലും, അസിസ്റ്റന്റ് പ്രഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാലക്ക് മാത്രമായി കഴിഞ്ഞ വര്‍ഷം പ്രത്യേക അനുമതി നല്‍കിയിരുന്നു. ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിന് ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നവരുടെ സ്‌കോര്‍ പോയിന്റ് കുറച്ചതായി പരാതിയുണ്ടായിരുന്നു.



Tags: