അപകടത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി; 28 വര്‍ഷം മുന്‍പുള്ള കേസുകള്‍ക്ക് വരെ നഷ്ടപരിഹാരം

5 ലക്ഷം രൂപയ്ക്ക് താഴെ നഷ്ടപരിഹാരം ലഭിക്കേണ്ടവര്‍ പലിശ രഹിത സെറ്റില്‍മെന്റിന് താല്‍പര്യമുണ്ടെങ്കില്‍ മുന്‍ഗണനാ ക്രമമനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍

Update: 2021-04-15 08:57 GMT

തിരുവനന്തപുരം: 1993 മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര ഇനത്തില്‍ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആര്‍ടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്.

വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെടുന്നവര്‍ക്ക് കോടതികള്‍ വിധിക്കുന്ന നഷ്ടപരിഹാര തുക കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഇനത്തില്‍ 1179 കേസുകളിലായി 62 കോടിയോളം നല്‍കാനുണ്ടായിരുന്നു. ഇത് വര്‍ധിക്കവെ വേഗത്തില്‍ കൊടുത്ത് തീര്‍ക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചത്.1997 ജനുവരി 17ല്‍ ഉത്തരവ് ആയ 1993ല്‍ ഫയല്‍ ചെയ്ത കേസിന് വരെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 10ന് നാഷനല്‍ ലോ അദാലത്ത് ദിനത്തിന്റെ ഭാഗമായി ഹൈക്കോടതിയുടെ ലീഗല്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കിയ പലിശ രഹിത സെറ്റില്‍മെന്റില്‍ പങ്കെടുത്ത 121 പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. പലിശ രഹിത പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 15 ദിവസത്തിനകം തുക ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. 5 ലക്ഷം രൂപയ്ക്ക് താഴെ നഷ്ടപരിഹാരം ലഭിക്കേണ്ടവര്‍ പലിശ രഹിത സെറ്റില്‍മെന്റിന് താല്‍പര്യമുണ്ടെങ്കില്‍ അതാത് യൂനിറ്റുകളില്‍ അപേക്ഷ നല്‍കിയാല്‍ മുന്‍ഗണനാ ക്രമമനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു.

Tags: