ശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു

പരേതരായ രവീന്ദ്രന്റേയും സാവിത്രിയുടേയും മകളായ മീന അച്ഛൻ കാത്തുസൂക്ഷിച്ച ശാന്തിവനം പരിപാലിക്കാനാണ് ജീവിതം മാറ്റിവച്ചത്.

Update: 2022-10-06 06:21 GMT

കൊച്ചി: പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം അന്തരിച്ചു. 52 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്നതിനിടെ പിറന്നാൾ ദിനത്തിലായിരുന്നു വിയോ​ഗം. എറണാകുളം നോര്‍ത്ത് പറവൂരിലെ വിവാദമായ ശാന്തിവനത്തിന്റെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തിയ വ്യക്തിയാണ് മീന ശാന്തിവനം.

തുണ്ടപ്പറമ്പ് പരേതരായ രവീന്ദ്രന്റേയും സാവിത്രിയുടേയും മകളായ മീന അച്ഛൻ കാത്തുസൂക്ഷിച്ച ശാന്തിവനം പരിപാലിക്കാനാണ് ജീവിതം മാറ്റിവച്ചത്. പറവൂരിലെ വഴിക്കുളങ്ങരയിലാണ് രണ്ടേക്കറോളമുള്ള ശാന്തിവനം സ്ഥിതിചെയ്യുന്നത്. നാലു കാവുകളും കുളങ്ങളും വൃക്ഷ‌ങ്ങളും നിറഞ്ഞതാണ് ശാന്തിവനം. കാടിന്റെ അന്തരീക്ഷമുള്ള ശാന്തിവനത്തിലെ പഴയ വീട്ടിൽ മകൾ ഉത്തരയ്ക്കൊപ്പമാണ് മീന താമസിച്ചിരുന്നത്. ആലുവ യുസി കോളജിൽ ഡി​ഗ്രി വിദ്യാർത്ഥിയാണ് ഉത്തര.

വഴിക്കുളങ്ങര ശാന്തിവനത്തിന് നടുവിലൂടെ 110 കെ വി ടവര്‍ നിര്‍മ്മിക്കാന്‍ മരങ്ങള്‍ മുറിച്ച കെ എസ് ഇ ബി നീക്കത്തിനെതിരെയുള്ള മീനയുടെ ചെറുത്ത് നില്‍പ്പ് കേരളത്തില്‍ വലിയ ജനശ്രദ്ധ നേടി. മരം മുറിച്ച നടപടിയില്‍ തന്റെ മുടി മുറിച്ചുകൊണ്ടായിരുന്നു മീനയുടെ പ്രതിഷേധം. ശാന്തി വനത്തിന്റെ ഉടമയായ മീന തുടങ്ങിയ സമരം പിന്നീട് ശാന്തിവനം സംരക്ഷണ സമിതിയും ഏറ്റെടുത്തു.

വഴിക്കുളങ്ങരയിലെ മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അടങ്ങുന്ന ഭൂമിയിലാണ് കെഎസ്ഇബി പദ്ധതി വന്നത്. ദേശീയപാതയോരത്തുള്ള ശാന്തിവനം എന്ന സ്വകാര്യ സംരക്ഷിത വനത്തിലൂടെയല്ലാതെ പദ്ധതി നടപ്പാക്കാമെന്നിരിക്കെ അപൂര്‍വ്വ ജൈവവൈവിധ്യ കലവറയായ രണ്ടേക്കര്‍ ഭൂമിയിലൂടെ പദ്ധതി നടപ്പാക്കുന്നതിനെതിരെയായിരുന്നു സമരം. മീനയും അവരുടെ മകൾ ഉത്തരയും ചേര്‍ന്നായിരുന്നു ശാന്തിവനം സംരക്ഷിച്ചിരുന്നത്.