സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മി ഉയരുന്നു; എട്ടു സ്ഥലങ്ങളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) രശ്മികളുടെ തോത് ഉയരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കിയിലെ മൂന്നാര്‍, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറത്തെ പൊന്നാനി, വയനാട്ടിലെ മാനന്തവാടി എന്നീ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തുടര്‍ച്ചയായി ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അള്‍ട്രാവയലറ്റ് സൂചിക 6 മുതല്‍ 7 വരെ എത്തിയാല്‍ യെല്ലോ അലേര്‍ട്ട്, 8 മുതല്‍ 10 വരെ ഓറഞ്ച് അലേര്‍ട്ട്, 11നു മുകളില്‍ എത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് നിര്‍ദ്ദേശം.
പകല്‍ പത്തു മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക സാധാരണയായി രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ട വിഭാഗങ്ങള്‍.
പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതും ശരീരം മുഴുവന്‍ മൂടുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഉചിതമാണെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാത്രകളില്‍ ഇടവേളകളില്‍ തണലുള്ള സ്ഥലങ്ങളില്‍ വിശ്രമിക്കണമെന്നും നിര്‍ദേശം നല്‍കുന്നു.
മലമ്പ്രദേശങ്ങളും ഉഷ്ണമേഖല പ്രദേശങ്ങളും സാധാരണയായി ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തുന്ന മേഖലകളായതിനാല്‍ അവിടങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
