കനത്ത മഞ്ഞുവീഴ്ച: 300 യാക്കുകള്‍ ആഹാരം ലഭിക്കാതെ ചത്തു

Update: 2019-05-13 11:00 GMT

ന്യൂഡല്‍ഹി: ഭക്ഷണം കിട്ടാത്തതിനെത്തുടർന്ന് ഇന്ത്യ-ചൈനാ അതിർത്തിയിൽ കുടുങ്ങിയ 300ൽ അധികം യാക്കുകൾ (മലങ്കാള) വിശന്നു ചത്തു.സിക്കിമിലെ അതിര്‍ത്തി പ്രദേശത്ത് നിന്നും യാക്കുകളുടെ ജഡങ്ങള്‍ കണ്ടടുത്തതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജ് യാദവ് വ്യക്തമാക്കി. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഡിസംബര്‍ മാസം മുതല്‍ യാക്കുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. അധികൃതര്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിച്ച് നല്‍കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പർവ്വതങ്ങളിൽ ജീവിക്കാൻ അനുയോജ്യമായ കട്ടിയും നീളവും കൂടിയ രോമങ്ങൾ യാക്കുകൾക്ക് ഉണ്ട്. ചമരിക്കാള എന്ന പേരിലും ഈ ജീവി അറിയപ്പെടുന്നു. പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പാലിനും, തുകലിനും, ഇറച്ചിക്കും, കമ്പിളിക്കുമായി യാക്കുകളെ വളർത്താറുണ്ട്. മഞ്ഞ് വീഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് മുകുതാം​ഗ് വാലിയിൽ ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയത്.

എന്നാല്‍, 300ല്‍ അധികം യാക്കുകളുടെ ജഡങ്ങളാണ് കണ്ടെത്താനായത്. ഓരോ വര്‍ഷവും 10 മുതല്‍ 15 വരെ യാക്കുകള്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ചാവാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയധികം യാക്കുകള്‍ ചത്തൊടുങ്ങുന്നത്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 50ഓളം യാക്കുകളെ രക്ഷിക്കാനുളള ശ്രമം ഇപ്പോഴും തുടരുകയാണ്. യാക്കുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 30,000 രൂപ വീതം ലഭിക്കും.


Similar News