സംസ്ഥാനത്ത് വേനല്‍ചൂട് ശക്തം; ജാഗ്രത നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് കൂടുന്നതിനാല്‍ കാട്ടുതീ പടരാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നും അതിനാല്‍ പൊതുജനങ്ങള്‍ പകല്‍ 11 മണി മുതന്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. ദാഹമില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കണമെന്നും ശുദ്ധജലത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയ നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുന്നതും ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഉചിതമാണെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും പാദരക്ഷകള്‍ ധരിക്കണമെന്നും നിര്‍ദേശം നല്‍കി.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാനും ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കാനും പ്രോല്‍സാഹിപ്പിച്ചു. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടിത്ത സാധ്യത കൂടുതലായതിനാല്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഫയര്‍ ഓഡിറ്റ് നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും ചെയ്യണം. യാത്ര ചെയ്യുന്നവര്‍ വെള്ളം കൈവശം കരുതണമെന്നും ഇടവേളകളോടെ യാത്ര തുടരണമെന്നും നിര്‍ദേശിച്ചു.
കൂടാതെ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകുന്നത് ഒഴിവാക്കണമെന്നും കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും മതിയായ ജലലഭ്യത ഉറപ്പാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

