സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്കുകള്‍ പ്രകാരം മൂന്നാര്‍, ചങ്ങനാശേരി, കോന്നി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക 8 ആയി രേഖപ്പെടുത്തി. അതേസമയം കൊട്ടാരക്കര, ചെങ്ങന്നൂര്‍, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. യുവി സൂചിക 6 മുതല്‍ 7 വരെയായാല്‍ യെല്ലോ അലേര്‍ട്ടും 8 മുതല്‍ 10 വരെയായാല്‍ ഓറഞ്ച് അലേര്‍ട്ടും 11നു മുകളിലെത്തുമ്പോള്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍
പകല്‍ 10 മുതല്‍ മൂന്നു വരെ സമയങ്ങളിലാണ് അള്‍ട്രാവയലറ്റ് വികിരണം കൂടുതലായി രേഖപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മല്‍സ്യബന്ധനം നടത്തുന്നവര്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളും നേത്രരോഗങ്ങളും ഉള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരാണ് പ്രത്യേക ജാഗ്രത പാലിക്കേണ്ടത്.
പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവന്‍ മൂടുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു. യാത്രകള്‍ക്കിടെ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുന്നതും ആരോഗ്യസംരക്ഷണത്തിന് സഹായകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മലയോര പ്രദേശങ്ങളിലും ഉഷ്ണമേഖലാ മേഖലകളിലും യുവി സൂചിക സാധാരണയായി കൂടുതലായിരിക്കും. അതിനാല്‍ ഇത്തരത്തിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

