ദാഹിച്ചു വലഞ്ഞാല്‍ മുതലയെത്തും അടുക്കളയില്‍

Update: 2019-05-22 19:24 GMT
വഡോദര: ദാഹിച്ചു വലഞ്ഞൊരു മുതലയെത്തിയാല്‍ ആതിഥ്യ മര്യാദ കാണിക്കണോ വേണ്ടയോ എന്നത് കുഴക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ഗുജറാത്തിലുള്ള രാധാബെന്‍ ഗോഹിലിന് ഇന്നലെ അത്തരമൊരു അവസരം ലഭിച്ചു. കടുത്ത വരള്‍ച്ച നേരിടുന്ന ഗുജറാത്തിലെ റവല്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് അതിഥിയായി മുതലയെത്തിയത്.

രാധാബെന്‍ ഗോഹില്‍ എന്ന സ്ത്രീയുടെ വീട്ടിന്റെ അടുക്കളയിലാണ് മുതല ദാഹമകറ്റാന്‍ കയറിയത്. ചൊവാഴ്ച രാവിലെയാണ് സംഭവം. കടുത്ത ചൂട് കാരണം വീടിന്റ പിന്നാമ്പുറത്ത് കിടന്ന മകള്‍ നിമിഷ പുലര്‍ച്ചെ അഞ്ചോടെ കുടിക്കാന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോഴാണ് തറയില്‍ കിടക്കുന്ന മുതലയെ കണ്ടത്. ഉടന്‍ ബഹളംവച്ച് ആളുകളെ കൂട്ടി. 4.5 അടി നീളമുള്ള മുതല ആരെയും ഉപദ്രവിച്ചില്ലെന്ന് രാധാബെന്‍ പറഞ്ഞു.

അടുക്കളയില്‍ സൂക്ഷിച്ച പാത്രത്തില്‍നിന്ന് മുതല വെള്ളം കുടിക്കാന്‍ ശ്രമിച്ചു. രാത്രി ശുദ്ധവായു ലഭിക്കാന്‍ വേണ്ടി അടുക്കള വാതില്‍ തുറന്നിട്ടിരുന്നു. ഇതു വഴിയാണ് മുതല വന്നതെന്നാണ് സംശയിക്കുന്നത്. വീടിന് സമീപമുള്ള തടാകത്തില്‍നിന്ന് കയറിവന്നതാകാം മുതല. വരള്‍ച്ചയില്‍ വറ്റിവരണ്ടിരിക്കുകയാണ് തടാകം. രണ്ടു മണിക്കൂര്‍ പണിപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുതലയെ പിടികൂടി. തുടര്‍ന്ന് അടുത്തുള്ള അജ്‌വ തടാകത്തില്‍ കൊണ്ടുവിട്ടു.