കേരളത്തിന്റെ ഔദ്യോഗിക ഫലം നാടുകടക്കുന്നു

30 കോടി മുതല്‍ 60 കോടി വരെ ചക്ക ഒരു വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാല്‍ മുപ്പതിനായിരം കോടിയുടെ രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Update: 2019-01-27 16:46 GMT

മാള: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും പക്ഷെ ചക്കയെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുവാനുള്ള പദ്ധതികള്‍ ഇന്നും കേരളത്തില്‍ യാഥാര്‍ത്ഥ്യമായിട്ടില്ല.അതിന്റെ ഫലമായി സംസ്ഥാനത്ത് ഉണ്ടാകുന്ന നാല്‍പത് ശതമാനം ചക്കകളും തമിഴdനാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നു. ഇതില്‍ നിന്നും തുച്ഛമായ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപനം നടത്തിയത്. 30 കോടി മുതല്‍ 60 കോടി വരെ ചക്ക ഒരു വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാല്‍ മുപ്പതിനായിരം കോടിയുടെ രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നതാണ് നേട്ടം. പ്രതിവര്‍ഷം മുപ്പതു മുതല്‍ 60 കോടി വരെ ചക്ക ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതിന്റെ 30 ശതമാനവും നശിച്ചു പോകുയാണ്. ഇതു പ്രകാരം സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും 600 കോടി രൂപയുടെ ചക്ക നശിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണെന്ന കാര്യം മലയാളികള്‍ മറന്നു പോകുകയാണ്.


മാളയില്‍ നിന്ന് അന്യസംസ്ഥാനത്തേക്ക് ചക്ക കയറ്റി പോകുന്ന ലോറികള്‍. 

മറ്റു സംസ്ഥാനങ്ങളില്‍ ഉളളതിനേക്കാള്‍ ഗുണമേന്‍മ കേരളത്തില്‍ സുലഭമായി വിളയുന്ന ചക്കകള്‍ക്ക് ഉണ്ടെന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപകാരപ്രദമാണ്. ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്ക പായസം, ചക്കമടല്‍ അച്ചാര്‍, സ്‌ക്വാഷ് എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ചക്കയില്‍ നിന്ന് ഉണ്ടാക്കാം.

വിവിധ ചക്കകളില്‍ ധാതുലവണങ്ങളുടെ അളവ് വ്യത്യസ്തമാണ്. കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍ തുടങ്ങിയ നിരവധി ധാതുക്കളാല്‍ സമ്പന്നമാണ് ചക്ക.

കൊളസ്‌ട്രോള്‍, ഹൈപ്പന്‍ടെന്‍ഷന്‍ പോലെയുളള രോഗങ്ങള്‍ ഉളളവര്‍ക്കും കഴിക്കാവുന്ന പഴവര്‍ഗമാണെന്നുള്ളത് ചക്കയുടെ പ്രത്യേകതയാണ്. ചക്കയില്‍ വളരെ പ്രധാനപ്പെട്ട മറ്റു വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ വിറ്റാമിന്‍ സി യും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അര്‍ബുദ സെല്ലുകളുടെ വളര്‍ച്ചയെ തടയാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തിലെ കോശങ്ങളുടെ നാശത്തെ തടയാനും ചക്കയിലെ ഫൈറ്റോന്യൂട്രിയന്‍സിന്റെ സാന്നിധ്യം മൂലം സാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ചക്ക സംസ്ഥാനത്ത് വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. ഇതിനായി തൃശ്ശൂരിലെ മാളയില്‍ ഒരു ഫാക്ടറി സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടനവും പ്രവര്‍ത്തനവും കൊട്ടിഘോഷിച്ചു തുടങ്ങിയെങ്കിലും രണ്ട് മാസങ്ങളായി ഫാക്ടറിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്.


Tags: