ഗൂസ്‌ബെറി, ബ്ലൂബെറി; ഓണ്‍ലൈനില്‍ കയറിയപ്പോള്‍ 'വിലപ്പെട്ട' പഴങ്ങളായി ഞൊട്ടങ്ങയും ഞാറപ്പഴവും

ഞാറപ്പഴം കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടനിലെ എക്‌സീറ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Update: 2020-08-01 05:53 GMT

കൊഴിക്കോട്: മോഹിപ്പിക്കുന്ന സ്വാദുമായി പറമ്പുകളിലും പാടത്തും വളര്‍ന്നിരുന്ന നാടന്‍ പഴങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ 'വിലപ്പെട്ട' പഴങ്ങളായി മാറുന്നു. പണം കൊടുക്കാതെ എവിടെ നിന്നും പറിച്ചെടുക്കാവുന്ന പഴങ്ങമായിരുന്ന ഞാറപ്പഴം ബ്ലൂബെറി എന്ന പേരിലാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. 300 ഗ്രാം ഞാറപ്പഴത്തിന് 2287 രൂപയാണ് ഇ ബൈ ഇന്ത്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ വിലയിട്ടത്. ആമസോണില്‍ 150 ഗ്രാം ഞാറപ്പഴത്തിന് 495 രൂപ കൊടുക്കണം. ഞാറപ്പഴത്തിനു പുറമെ ഇതിന്റെ വിത്തുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. 10 കുരുവിന് 150 മുതല്‍ 200 രൂപ വരെ വിവിധ വ്യാപാര സൈറ്റുകള്‍ ഈടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ പൊന്തക്കാടുകളിലും വയല്‍ വരമ്പിലും ആരാലും നടാതെ തഴച്ചു വളര്‍ന്ന ഞാറപ്പഴത്തിന് ഒട്ടേറെ പോഷക ഗുണമുണ്ടെന്ന് പഠനങ്ങളില്‍ തെളിഞ്ഞതോടെയാണ് ഇവയും ഓണ്‍ലൈന്‍ വിപണിയിലെ വില്‍പ്പനച്ചരക്കായി മാറിയത്. ഞാറപ്പഴം കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടനിലെ എക്‌സീറ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.



ദിവസവും നേര്‍പ്പിക്കാത്ത, ഗാഢത കൂടിയ ബ്ലൂബെറി ജ്യൂസ് കുടിച്ച 65 മുതല്‍ 77 വയസുവരെ പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നതായും ഓര്‍മശക്തി മെച്ചപ്പെട്ടതായും തെളിയിക്കപ്പെട്ടു. ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഫ്‌ലേവനോയ്ഡുകള്‍ ഞാറപ്പഴത്തില്‍ ധാരാളമായുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.


വളരെ നിസ്സാരമായി കണ്ടിരുന്ന മറ്റൊരു പഴമായ ഞൊട്ടങ്ങ (മുട്ടാബ്ലിങ്ങ, ഞൊട്ടിഞെട്ട,ഞൊടിയന്‍) ഓണ്‍ലൈനില്‍ ഗൂസ്‌ബെറി, ഗോള്‍ഡന്‍ ബെറി എന്നീ പേരുകളിലാണ് വില്‍പ്പന നടത്തുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ 425 രൂപയാണ് 200 ഗ്രാം ഞൊട്ടങ്ങയുടെ വില. ഇതിന്റെ തൈ ഓണ്‍ലൈനായി വില്‍പ്പനക്കുവെച്ച സൈറ്റുകളമുണ്ട്. 200 രൂപയോളമാണ് ഇതിന്റെ വില.




 ലോകത്തെല്ലായിടത്തും വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഞൊട്ടങ്ങക്ക് ഇന്‍കാ ബെറി, പെറുവിയന്‍ ഗ്രൗണ്ട് ചെറി, പോഹാബെറി, ഹസ്‌ക് ചെറി, കേപ് ഗൂസ്‌ബെറി എന്നീ പേരുകളുമുണ്ട്.കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയും കൊഴുപ്പും അടങ്ങിയതാണ് ഞൊട്ടങ്ങ എന്ന വിരലറ്റത്തോളം പോന്ന ചെറിയ പഴം. നാട്ടുപഴങ്ങളിലെ കാര്‍ബോഹൈഡ്രേറ്റോ വിറ്റാമിനുകളോ ഒന്നുമറിയാതെ വിശക്കുമ്പോള്‍ ചവച്ചുനടന്നതാണ് ഈ പഴങ്ങളെങ്കിലും പുതിയ കാലത്ത് അവ മോഹിപ്പിക്കുന്ന ചിത്രങ്ങളോടെ, ഗുണവിശേഷണങ്ങളോടെ ഓണ്‍ലൈന്‍ വിപണിയില്‍ നിറയുകയാണ്.




Tags:    

Similar News