കാബേജ് കൃഷി എളുപ്പം; കാന്‍സറും തടയും

ഏറെ രുചികരവും ഗുണസമ്പുഷ്ടവുമായ കാബേജില്‍ ജീവകങ്ങളും പോഷകങ്ങളും ധാരാളമുണ്ട്. ഹൃദ്രോഗത്തിനും മറ്റു രോഗങ്ങള്‍ക്കുമെല്ലാം ഫലപ്രദമാണെന്നു കണ്ടെത്തിയ കാബേജ് കൃഷി ചെയ്യാനും എളുപ്പമാണ്.

Update: 2018-11-28 13:51 GMT

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണല്ലോ കാന്‍സര്‍. ചെറുപ്രദേശങ്ങളില്‍ പോലും കാന്‍സര്‍ രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനുള്ള ഭക്ഷണശീലത്തിനും പ്രചാരണം ഏറുകയാണ്. അതിലൊന്നാണ് കാബേജ് കൃഷി. ഏറെ രുചികരവും ഗുണസമ്പുഷ്ടവുമായ കാബേജില്‍ ജീവകങ്ങളും പോഷകങ്ങളും ധാരാളമുണ്ട്. ഹൃദ്രോഗത്തിനും മറ്റു രോഗങ്ങള്‍ക്കുമെല്ലാം ഫലപ്രദമാണെന്നു കണ്ടെത്തിയ കാബേജ് കൃഷി ചെയ്യാനും എളുപ്പമാണ്.

നല്ല വിത്ത് കിളിര്‍പ്പിച്ചോ തൈകള്‍ നട്ടോ കാബേജ് വളര്‍ത്താം. കാബേജ് തൈകള്‍ പുറത്തുനിന്നു വാങ്ങാനും ലഭിക്കും. ശീതകാല പച്ചക്കറിയായതിനാല്‍ വീട്ടുമുറ്റത്ത് തന്നെ നട്ടുവളര്‍ത്തി നല്ല ഒന്നാന്തരം ജൈവ കാബേജ് വിളയിച്ചെടുക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മുതലാണ് കാബേജ് കൃഷിക്ക് അനുയോജ്യം. ജനുവരി വരെയും നല്ല സമയമാണ്. തുറസ്സായ സ്ഥലത്തോ, ചെറിയ പരന്ന പാത്രത്തിലോ പ്രോട്രേകളിലോ വിത്ത് പാകാം. നീര്‍വാര്‍ച്ചയുള്ള മണ്ണും, സൂര്യപ്രകാശവും കാബേജ് വളരാന്‍ ആവശ്യമാണ്. വിത്ത് പാകുന്നതിനു മുമ്പ് അര മണിക്കൂര്‍ ജീവാണുവളമായ സ്യൂഡോമോണസ് ലായനിയില്‍ ഇട്ടു വയ്ക്കണം. ലായനി ലഭിച്ചില്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം.

വിത്ത് പാകിക്കഴിഞ്ഞാല്‍ ഇടയ്ക്കിടെ വെള്ളം ഒഴിക്കണം. നാലില പ്രായമാവുമ്പോള്‍ വിത്ത് ഇളക്കി നടാം. ഗ്രോബാഗിലാണെങ്കില്‍ മണല്‍, മേല്‍മണ്ണ്, ഉണക്ക ചാണകപ്പൊടി, ചകിരിച്ചോറ്, കംപോസ്റ്റ് അഥവാ വെര്‍മി കംപോസ്റ്റ് എന്നിവ 1:1:1 അനുപാതത്തില്‍ ഇടണം. ചാണകപ്പൊടിയും കംപോസ്റ്റും ഒന്നിച്ച് ഇളക്കി ഉപയോഗിക്കാം. ഉദാഹരണമായി രണ്ടുചട്ടി മണലാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ടു ചട്ടി മേല്‍ മണ്ണ്, രണ്ടു ചട്ടി ചാണകപ്പൊടി അഥവാ കംപോസ്റ്റ് എന്നിങ്ങനെ അനുപാതത്തിലെടുക്കുക. വീട്ടുപറമ്പിലാണ് തൈ നടുന്നതെങ്കില്‍ ചെറിയ വരമ്പുണ്ടാക്കി അതിനു മുകളില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ഇട്ടിളക്കി പരുവപ്പെടുത്തി തൈ നടാം. ഫംഗസ് ആക്രമണം അധികം നേരിടാത്ത ഒരു പച്ചക്കറി ഇനമായതിനാല്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നീ വളങ്ങള്‍ മതിയാവും.

ട്രൈക്കോഡര്‍മ എന്ന ജീവാണു വളം ഉപയോഗിക്കുന്നവര്‍ക്കു മണ്ണ് തയാറാക്കുമ്പോള്‍ ആവശ്യത്തിനു ചേര്‍ക്കാം. ഒരു സെന്റില്‍ കാബേജ് കൃഷി നടത്തുമ്പോള്‍ 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോട്രൈക്കോഡര്‍മ എന്നിവയാണ് വേണ്ടത്. ഇവമൂന്നും കുഴച്ച്, ചാക്കിട്ട് മൂടി ഒരാഴ്ച കഴിഞ്ഞുവേണം ഉപയോഗിക്കാന്‍. ഇതില്‍ നിന്നും ഒരുപിടി വീതം ഇട്ട് നിലമൊരുക്കാം. വളരെ കുറച്ച് കൃഷിയിടമേ ഉള്ളുവെങ്കില്‍ അതിനനുസരിച്ചുള്ള ചാണകപ്പൊടിയും മറ്റുവളവും ചേര്‍ത്താലും മതി. ഒന്നരയടി അകലത്തില്‍ തൈകള്‍ നടാം. തൈ പറിച്ചു നടുന്ന സമയത്ത് വലിയ വെയിലില്‍ നിന്നു രക്ഷനേടാന്‍ നാലുദിവസം ഓലവച്ച് തണല്‍ നല്‍കണം.

ജീവക സമൃദ്ധമായ കാബേജ് പലതരം കാന്‍സറുകളും നിയന്ത്രിക്കുമെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്യാസ്ട്രിക് അള്‍സറിനു ഫലപ്രദമാണ്. ജീവകം ബി, സി, കെ, ഇ വിറ്റാമിന്‍ ഒ, സി, കെ എന്നിവ അടങ്ങിയ കാബേജില്‍ നാരുകള്‍, പൊട്ടാസ്യം എന്നിവയുമുണ്ട്. ജപ്പാനിലും, അമേരിക്കയിലും നടത്തിയ ഗവേഷണങ്ങള്‍ അര്‍ബുദ നിയന്ത്രണത്തിനുള്ള കാബേജിന്റെ പ്രാധാന്യം തെളിയിച്ചിട്ടുണ്ട്. ദഹനത്തിനും കാബേജ് സഹായകമാണ്.

കാബേജ് തോരന്‍, കാബേജ് മെഴുക്കുപുരട്ടി എന്നിവയാണ് സാധാരണ തയ്യാറാക്കാവുന്ന വിഭവങ്ങള്‍. വെള്ളത്തിലും മറ്റും ഇട്ട് വേവിക്കുന്നത് കാബേജിലെ വൈറ്റമിന്‍ അളവ് കുറയ്ക്കാന്‍ കാരണമാവും. അതിനാല്‍ ആവിയില്‍ വേവിക്കുന്നതാണ് കൂടുതല്‍ നല്ലത്. പച്ചയായി സാലഡിലും മറ്റും കാബേജ് ഉപയോഗിക്കുന്നതും നല്ലതാണ്. നീളത്തില്‍ അരിഞ്ഞ കാബേജ്, പച്ചമുളക്, സവാള, കാപ്‌സിക്കം, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് സലാഡുകള്‍ എളുപ്പം തയാറാക്കാം. കാബേജ് ജ്യൂസ് ദിവസേന ധാരാളം കഴിച്ചാല്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറയുമെന്നത് ശ്രദ്ധിക്കണം. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും കാബേജ് നല്ലതല്ല.  

Tags:    

Similar News