കാറിന്റെ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു

കാറിന്റെ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് ഇരുനൂറിലധികം വരുന്ന ആള്‍ക്കൂട്ടം ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചു കൊന്നു. അവിനാഷ് സക്‌സേന എന്നയാളാണ് കൊല്ലപ്പെട്ടത്.

Update: 2018-11-26 14:37 GMT

ന്യൂഡല്‍ഹി: കാറിന്റെ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് ഇരുനൂറിലധികം വരുന്ന ആള്‍ക്കൂട്ടം ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചു കൊന്നു. അവിനാഷ് സക്‌സേന എന്നയാളാണ് കൊല്ലപ്പെട്ടത്. അവിനാഷിന്റെ കൂടെയുണ്ടായിരുന്ന മുന്നി പാല്‍, സൂരജ് യാദവ് എന്നീ യുവാക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ഡല്‍ഹിയിലെ മോഹന്‍ ഗാര്‍ഡനടുത്ത് ശനിയാഴ്ചയാണ് സംഭവം. വൈദ്യുതതൂണില്‍ കെട്ടിയിട്ടാണ് മൂന്നുപേരെയും ആള്‍ക്കുട്ടം ആക്രമിച്ചത്. വിവരം അറിഞ്ഞ് ഓട്ടോഡ്രൈവറുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം ആക്രമണം നിര്‍ത്താന്‍ തയ്യാറായില്ല. ആള്‍ക്കൂട്ടത്തിലൊരാള്‍ തന്നെയാണ് അവിനാഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അദ്ദേഹത്തിന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. തന്നെ രക്ഷിക്കണമെന്ന് തങ്ങളോട് മകന്‍ കരഞ്ഞു പറഞ്ഞെങ്കിലും മകന്‍ കൊല്ലപ്പെടുന്നത് നോക്കി നിസ്സാഹയരായി നില്‍ക്കാനെ തങ്ങള്‍ക്ക് സാധിച്ചുള്ളുവെന്ന് അവിനാഷിന്റെ അമ്മ കുസും ലാത പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതനാവുമ്പോ അവര്‍ വെള്ളം മുഖത്തൊഴിക്കും. ബോധം തെളിയുമ്പോ വീണ്ടും ആക്രമിക്കും. മരണം ഉറപ്പാവുന്നത് വരെ അവര്‍ ആക്രമിച്ചു കൊണ്ടേയിരുന്നു. പോലിസിനെ വിളിക്കാനായി ഫോണെടുത്തപ്പോള്‍ അക്രമികള്‍ ഫോണ്‍ പിടിച്ചു വാങ്ങി നശിപ്പിച്ചുവെന്നും കുസും പറഞ്ഞു. പോലിസിന്റെ അനാസ്ഥയാണ് തന്റെ മകന്‍ കൊല്ലപ്പെടാന്‍ കാരണമെന്നും അവര്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ മകനെ രക്ഷിക്കാമായിരുന്നുവെന്നും കുസും പറഞ്ഞു. അതേസമയം സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തതായി അറിയിച്ച പോലിസ് കൊല്ലപ്പെട്ട സക്‌സേനക്കെതിരേ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തതായും അറിയിച്ചു.


Tags:    

Similar News