ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ സ്വതന്ത്രമാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതെന്തിനാണ്!!

Update: 2018-10-08 08:27 GMT


ന്യൂഡല്‍ഹി: കഴിഞ്ഞ 10 ദിവസത്തിനിടെ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തത് ഇന്ത്യയിലെ ഒരു ഡസനോളം പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍. അതും കൃത്യമായ മുന്നറിയിപ്പോ കാരണം ബോധിപ്പിക്കലോ ഇല്ലാതെ. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും പാര്‍ശ്വവല്‍കൃതരും ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും നിരന്തരം എഴുതുന്ന മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തത്.

ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എഴുത്തിലൂടെ അലോസരം സൃഷ്ടിക്കുന്നവരായിരുന്നു ബ്ലോക്ക് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. അജയ് പ്രകാശ്(ദൈനിക് ഭാസ്‌കര്‍ ന്യൂസ് എഡിറ്റര്‍), പ്രേം നേഗി(ജാന്‍വര്‍.കോം എഡിറ്റര്‍), റിഫാത്ത് ജാവേദ്(ജനതാകാ റിപോര്‍ട്ടര്‍.കോം എഡിറ്റര്‍, ബിബിസി മുന്‍ എഡിറ്റര്‍), ഐജാസ് സാക്ക സെയ്ദ്(അന്താരാഷ്ട്ര അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍, ഖലീജ് ടൈംസ് ഉള്‍പ്പെടെയുള്ളവയില്‍ കോളമിസ്റ്റ്) തുടങ്ങിയവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടവയില്‍പ്പെടുന്നു.

ബോല്‍ത്താഹിന്ദുസ്ഥാന്‍.കോം എഡിറ്റര്‍മാര്‍, കാരവന്‍ ഡെയ്‌ലി എഡിറ്റര്‍ മുംതാസ് ആലം, കാരവന്‍ ഡെയ്‌ലി ദേശീയ കറസ്‌പോണ്ടന്റ് സെയ്ദ് ഗസാന്‍ഫര്‍ അബ്ബാസ് തുടങ്ങിയവരുടെ അക്കൗണ്ടും നേരത്തേ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെയാണ് കാരവന്‍ ഡെയ്‌ലി എഡിറ്റര്‍മാരുടെ വ്യക്തിഗത അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തത്. മതന്യൂനപക്ഷങ്ങളും ദലിതുകളും നേരിടുന്ന പ്രശ്‌നങ്ങളും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്ന വെബ്‌സൈറ്റാണ് കാരവന്‍.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരായ വസീം ത്യാഗി, സഞ്ജയ് പാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളും ബ്ലോക്കായിട്ടുണ്ട്. ഫെയ്‌സ്ബുക്കിന് നിരന്തരം പരാതി നല്‍കിയിട്ടും പരിഹാരമില്ലാത്തതിനെ തുടര്‍ന്ന് പലരും ട്വിറ്ററിലൂടെ വിഷയം വെളിപ്പെടുത്തി.

ആള്‍മാറാട്ടം നടത്തുന്നു എന്ന്് പറഞ്ഞാണ് തന്റെ ഐഡി ബ്ലോക്ക് ചെയ്തതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ റിഫാത്ത് ജാവേദ് പറഞ്ഞു. പല തവണ പരാതി നല്‍കിയിട്ടും പുതിയ ഐഡി നല്‍കിയിട്ടും ബ്ലോക്ക് പിന്‍വലിച്ചില്ല.

രാജ്യത്തെ മതന്യൂനപക്ഷങള്‍ക്കെതിരായ അസഹിഷ്ണുതയെ വിമര്‍ശിച്ച് എഴുതിയതാണ് ഫെയ്‌സ്ബുക്കിന്റെ നടപടിക്ക് കാരണമെന്ന് കരുതുന്നതായി ഐജാസ് സാക്ക സെയ്ദ് പറഞ്ഞു. ദി ന്യൂസ് ഇന്റര്‍നാഷനല്‍, അറബ് ന്യൂസ്, ഗള്‍ഫ് ന്യൂസ്, അല്‍ഹ്‌റം, സ്‌ട്രെയ്റ്റ് ടൈംസ് ഓഫ് സിംഗപ്പൂര്‍, ഗ്രേറ്റര്‍ കശ്മീര്‍, ഇന്‍ക്വിലാബ് ഉറുദു ഡെയ്‌ലി, ഇത്തിമാദ് ഉറുദു ഡെയ്‌ലി തുടങ്ങിയ നിവരധി പത്രങ്ങള്‍ക്കു വേണ്ടി എഴുതുന്നയാളാണ് സാക്ക സെയ്ദ്.

അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മര്യാദകളും മാധ്യമ സ്വാതന്ത്ര്യവും ലംഘിക്കുന്ന നടപടിയാണ് ഫെയ്‌സ്ബുക്കിന്റേതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ബിജെപിക്കെതിരേ എഴുതുന്ന പോസ്റ്റുകളൊക്കെ ബ്ലോക്ക് ചെയ്യപ്പെടുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് പാണ്ഡെ പറഞ്ഞു. ഫെയ്‌സ്ബുക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags: