വയനാട്ടില്‍ ബന്ധിയാക്കപ്പെട്ട മൂന്നാമത്തെ തൊഴിലാളിയും രക്ഷപ്പെട്ടു

Update: 2018-07-21 07:43 GMT

കല്‍പ്പറ്റ: വയനാട്ടില്‍ മാവോവാദികളെന്ന് ആരോപിക്കപ്പെടുന്നവര്‍ ബന്ദികളാക്കിയ ഇതര സംസ്ഥാന തൊഴിലാളികള്‍ മൂന്നാമനും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് ഒടുവില്‍ രക്ഷപ്പെട്ടത്. നേരത്തെ രണ്ടു തൊഴിലാളികള്‍ രക്ഷപ്പെട്ടിരുന്നു.

വയനാട് മേപ്പാടിക്ക് അടുത്തുളള എമറാള്‍ഡ് എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണ് മാവോവാദികളെന്ന് കരുതുന്നവര്‍ ബന്ദികളാക്കിയത്. ഒരു തൊഴിലാളി രക്ഷപ്പെട്ട് എസ്‌റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വിടില്ലെന്ന് അക്രമികള്‍ പറഞ്ഞതായി ജോലിക്കാര്‍ എസ്‌റ്റേറ്റ് ഉടമയെ അറിയിക്കുകയായിരുന്നു. എസ്‌റ്റേറ്റ് അധികൃതരാണ് വിവരം പൊലിസില്‍ അറിയിച്ചത്.

അതേസമയം, അക്രമി സംഘത്തില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് തൊഴിലാളികളെ ബന്ദികളാക്കിയതെന്നാണ് വിവരം. മാവോവാദികള്‍ക്കായി പൊലിസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ഊര്‍ജിതമാക്കി.

Similar News