മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നാമജപം; എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി സ്ഥാപിച്ചതെന്നും യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

Update: 2019-04-16 11:20 GMT

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുന്നതിനിടെ ഉച്ചഭാഷിണിയിലൂടെ നാമജപം നടത്തിയ സംഭവത്തിൽ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി. കാട്ടാക്കടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം നടത്തിയത്. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടിരുന്നു. തുടർന്ന് നേതാക്കളെത്തി ഉച്ചഭാഷിണിയിലേക്കുള്ള ബന്ധം വിഛേദിക്കുകയായിരുന്നു. സംഭവത്തിൽ മൈക്ക് ഓപ്പറേറ്റർക്കും പോലിസിനുമെതിരെയാണ് പരാതി നൽകിയത്.

ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി സ്ഥാപിച്ചെന്നും യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്ന് ഐ ബി സതീഷ് എംഎൽഎ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടതോടെ  എൽഡിഎഫ് നേതാക്കൾ ഉച്ചഭാഷിണിയിലേക്കുള്ള ബന്ധം വിച്ഛേദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് പരാതി നൽകിയത്.

സംഭവത്തിൽ പോലിസ് കൃത്യവിലോപം കാട്ടിയെന്നാണ് പരാതി. പൊതുയോഗത്തേപ്പറ്റി പോലിസിനെ അറിയിച്ചിരുന്നു. ക്ഷേത്രത്തിലെ ഉച്ചഭാഷിണി സംബന്ധിച്ച ദൂരപരിധിയേപ്പറ്റി ക്ഷേത്രം അധികൃതരോട് മുന്നറിയിപ്പ് നൽകണമെന്ന് പോലിസിനോട് ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു.

Tags:    

Similar News