എം കെ രാഘവന്റെ സാധ്യതകള്‍ അട്ടിമറിക്കാന്‍ പോലിസ് ഗൂഢാലോചനയെന്ന് ആരോപണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Update: 2019-04-20 09:40 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കേ, കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം  കെ രാഘവനെ അപകീര്‍ത്തിപ്പെടുത്താൻ  പോലിസ് ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

 എം കെ രാഘവനെതിരെ ഒരു ഹിന്ദി ചാനല്‍ പുറത്തുവിട്ട ചില ദൃശ്യങ്ങളുമായി ബന്ധപ്പെടുത്തി പോലിസ് കേസ് എടുക്കാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്ത വന്നിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഐജി സംസ്ഥാന ഡിജിപിക്ക് നല്‍കിയ റിപോർട്ട് അനുസരിച്ചാണ് കേസെടുക്കുന്നതെന്നാണ്  പറയുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന പോലിസ് ചീഫ് അഡ്വക്കറ്റ് ജനറലിനോട് നിയോപദേശം തേടിയെന്നും വാര്‍ത്തയില്‍ പറയുന്നു.

കണ്ണൂര്‍ റേഞ്ച് ഐജിയുടെ ഔദ്യോഗിക റിപോര്‍ട്ട് പുറത്തു വരാത്ത സാഹചര്യത്തില്‍ അതിന്റെ ചില ഭാഗങ്ങള്‍ മാത്രം പോലിസ് പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് സംശയാസ്പദമാണ്. ഇത് തിരഞ്ഞെടുപ്പില്‍ രാഘവന്റെ സാധ്യതകള്‍ കുറയ്ക്കാനും ഭരണ കക്ഷിയില്‍പ്പെട്ട എതിര്‍ സ്ഥാനാര്‍ഥിയെ സഹായിക്കാനുമെന്ന് സംശയിക്കണം. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഭരണ കക്ഷിക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ ഔദ്യോഗിക മെഷിനറിയെ ദുരുപയോഗപ്പെുത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.

ഒളികാമറ പ്രശ്‌നത്തില്‍ കോഴിക്കോട് കലക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹിന്ദി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്ന കാര്യവും ഓര്‍ക്കണം. അതിനാല്‍ എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ അട്ടിമറിക്കുന്ന തരത്തില്‍ പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ചീഫ് ഇലക്ടറല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.

Tags:    

Similar News