സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യം

നിശ്ചിത ഫോര്‍മാറ്റില്‍ മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് പ്രധാന ടിവി ചാനലുകളിലും മൂന്നുതവണ വീതമാണ് പരസ്യം ചെയ്യേണ്ടത്.

Update: 2019-03-27 13:19 GMT

തിരുവനന്തപുരം: ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ സ്ഥാനാര്‍ഥികള്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹരജികള്‍ക്കും പരിഗണിക്കാവുന്ന കാരണമാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. നിശ്ചിത ഫോര്‍മാറ്റില്‍ മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് പ്രധാന ടിവി ചാനലുകളിലും മൂന്നുതവണ വീതമാണ് പരസ്യം ചെയ്യേണ്ടത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുടെ അടുത്തദിവസം മുതല്‍ വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പുവരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്. ജില്ലയില്‍ പ്രചാരമുള്ള മൂന്നു പ്രമുഖ പത്രങ്ങളിലാണ് പരസ്യം നല്‍കേണ്ടത്.

ടിവി പരസ്യത്തില്‍ അച്ചടിരേഖ ടിവിയില്‍ വായിക്കാനാകും വിധമുള്ള നിശ്ചിത ഫോണ്ട് സൈസ് ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത് ഏഴു സെക്കന്റെങ്കിലും വേണം. ടിവിയില്‍ രാവിലെ എട്ടുമണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേക്ഷണം ചെയ്യേണ്ടത്. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്ഥാനാര്‍ഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും. രാഷ്ട്രീയകക്ഷി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെ കണക്കില്‍പെടുത്തും.

സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷികളും നിര്‍ദിഷ്ട സി 4, സി 5 ഫോര്‍മാറ്റിലെ ഫോറത്തിലാണ് പരസ്യപ്പെടുത്തേണ്ടത്. ഇത് തെറ്റില്ലാതെ കൃത്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പരസ്യപ്പെടുത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഹരജികളും കോടതിയലക്ഷ്യവും ഉള്‍പ്പടെയുള്ള കേസുകള്‍ക്ക് പരിഗണിക്കാന്‍ കാരണമാവും.

ഇതിനുപുറമേ, തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ഫോറം 26നൊപ്പമുള്ള ഫോര്‍മാറ്റ് സി-4ല്‍ സ്ഥാനാര്‍ഥികളും സി-5ല്‍ രാഷ്ട്രീയകക്ഷികളും സമര്‍പ്പിക്കണം. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഫോറം 2 (എ), 2 (ബി) പ്രകാരം സ്ഥാനാര്‍ഥികള്‍ ഏറ്റവും പുതിയ സ്റ്റാമ്പ് സൈസ് ഫോട്ടോ ബാലറ്റ് പേപ്പറിനൊപ്പം ചേര്‍ക്കാനായി നല്‍കണം. ഫോറം 26 അഫിഡവിറ്റിലും ഒരു ഫോട്ടോ നല്‍കണം. ഇവയ്ക്ക് പുറമേ, ഒരു അധിക ഫോട്ടോ കൂടി നല്‍കേണ്ടതുണ്ട്. ഇവ എല്ലാം ഒരേപോലുള്ള പുതിയ ഫോട്ടോ ആയിരിക്കണം. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയകക്ഷികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോട്ടോ നല്‍കിയില്ലെങ്കില്‍ ബാലറ്റില്‍ ഫോട്ടോ ഉണ്ടാകില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 

Tags:    

Similar News