തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനങ്ങളില്‍ നടപടി തൃപ്തികരം: സുപ്രീംകോടതി

Update: 2019-04-16 07:57 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസം കൈക്കൊണ്ട നടപടികള്‍ തൃപ്തികരമാണെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരത്തെ കുറിച്ച് ബോധ്യമുണ്ടായിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ യോഗി ആദിത്യനാഥ്, മായാവതി തുടങ്ങിയ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മീഷന്‍ കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ സുപ്രീംകോടതിയുടെ വിമര്‍ശനമുണ്ടായതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറുമായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. സമാജ് വാദി പാര്‍ട്ടി നേതാവായ അസംഖാനും ബിജെപി നേതാവ് മേനകാ ഗാന്ധിക്കും പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തി.ഇതിനിടെ തനിക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി റദ്ദാക്കണമെന്നുള്ള മായാവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു.

Similar News