തകരാറിലാകുന്ന മെഷീനുകളിലെ വോട്ട് താമരക്ക് പോകുന്നത് എന്തുകൊണ്ടെന്ന് ശശി തരൂര്‍

യന്ത്രങ്ങള്‍ തകരാറിലാവുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ വോട്ടിങ് മെഷീന്‍ തകരാറിലാവുമ്പോഴെല്ലാം വോട്ട് ബിജെപിക്ക് പോകുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

Update: 2019-04-23 06:23 GMT

തിരുവനന്തപുരം: തകരാറിലാകുന്ന യന്ത്രങ്ങളിലെ വോട്ട് താമരക്ക് മാത്രം പോവുന്നത് എന്തുകൊണ്ടാണെന്ന് ശശി തരൂര്‍. ഈ പ്രതിഭാസം പരിശോധിക്കപ്പെടേണ്ടതുണ്ട്. കോവളത്തും ചേര്‍ത്തലയിലും വോട്ടിങ് മെഷീന്‍ തകരാറിലായത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. യന്ത്രങ്ങള്‍ തകരാറിലാവുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ വോട്ടിങ് മെഷീന്‍ തകരാറിലാവുമ്പോഴെല്ലാം വോട്ട് ബിജെപിക്ക് പോകുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

അതേസമയം, വോട്ടിങ് മെഷീനുകള്‍ തകരാറിലാവാന്‍ കാരണം മഴ പെയ്തത് മൂലം ഈര്‍പ്പം കയറിയതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പറഞ്ഞു. വ്യാപക പരാതികളില്ലെന്നും ഒറ്റപ്പെട്ട തകരാറുകള്‍ പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോവളം, ചേര്‍ത്തല, കണ്ണൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടിങ് മെഷീന്‍ അട്ടിമറി പരാതി ഉയര്‍ന്നത്. കോവളത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരക്ക് പോകുന്നതായാണ് പരാതി. ചേര്‍ത്തലയില്‍ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരക്ക് വോട്ട് പോവുന്നതായി പരാതി ഉയര്‍ന്നു. കണ്ണൂരിലും വോട്ട് ബിജെപിക്ക് പോകുന്നതായി പരാതി ഉയര്‍ന്നു. പരാതി ഉയര്‍ന്ന മണ്ഡലങ്ങളില്‍ മെഷീനുകള്‍ മാറ്റി പോളിങ് പുരോഗമിക്കുകയാണ്.

Tags: