ജില്ലയില്‍ ഒരിടത്തും ഇരട്ടവോട്ട് നടക്കില്ലെന്നു കലക്ടര്‍

ഇരട്ട വോട്ടിന് ഏതെങ്കിലും തരത്തില്‍ ശ്രമിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Update: 2019-04-22 18:58 GMT

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒറ്റ ബൂത്തില്‍പ്പോലും ഇരട്ടവോട്ട് നടക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഇരട്ടിച്ചിട്ടുണ്ടെന്ന പരാതി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിച്ചു. പരാതിയില്‍ പറയുന്ന ഇരട്ട വോട്ടുകളില്‍ ഏകദേശം എല്ലാം ഒരേ പേരുള്ള വ്യത്യസ്ത വ്യക്തികളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേ പേരുകാരാണെങ്കിലും ജനന തീയതി, വോട്ടേഴ്‌സ് ഐ.ഡി. കാര്‍ഡ് നമ്പര്‍ തുടങ്ങിയവ വ്യത്യസ്തമാണ്.

വോട്ടര്‍ പട്ടികയിലെ ഡാറ്റ എന്‍ട്രിയില്‍ വന്ന പിശകുമൂലം ഇരട്ടിപ്പുണ്ടായതായി കണ്ടെത്തിയ ചില പേരുകള്‍ പ്രത്യേകം തരംതിരിച്ച് പട്ടികയാക്കി അതാതു ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും വേണമെന്നുള്ളതിനാല്‍ ഇങ്ങനെയുള്ളവര്‍ക്ക് ഒരു കാരണവശാലും ഇരട്ട വോട്ട് ചെയ്യാനാവില്ല.

ഇരട്ട വോട്ടിന് ഏതെങ്കിലും തരത്തില്‍ ശ്രമിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags:    

Similar News