ജാതി രാഷ്ട്രീയ ആരോപണത്തിന് മറുപടി: മോദിയുടെ ജാതി ഏതാണെന്ന് എനിക്ക് അറിയില്ല- പ്രിയങ്ക ഗാന്ധി

Update: 2019-04-28 14:16 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. പ്രതിപക്ഷം വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയാണ് ചൂണ്ടിക്കാട്ടിയതെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു ജാതിയില്‍പ്പെട്ട ആളാണെന്ന് ഇന്നുവരെ തനിക്ക് അറിയില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

'ഇന്നുവരെ എനിക്ക് അദ്ദേഹത്തിന്റെ (പ്രധാനമന്ത്രി മോദി) ജാതി ഏതാണെന്ന് അറിയില്ല. പ്രതിപക്ഷവും കോണ്‍ഗ്രസ് നേതാക്കളും വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഞങ്ങള്‍ ആര്‍ക്കെതിരെയും വ്യക്തിപരമായി അധിക്ഷേപം നടത്തിയിട്ടില്ല,' പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജാതി പ്രശ്‌നം ഉയര്‍ത്തിയുളള ചര്‍ച്ചയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ വലിച്ചിഴക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിനും എസ്പിക്കും ബിഎസ്പിക്കും ഒരേയൊരു ലക്ഷ്യമേയുള്ളൂ, ജാതി രാഷ്ട്രീയം കളിച്ച് ജനങ്ങളുടെ പണം പോക്കറ്റിലാക്കുക,' മോദി പറഞ്ഞു. പിന്നാക്ക സമുദായത്തില്‍നിന്നുളള വ്യക്തിയല്ല താനെന്നും ഏറ്റവും താഴേക്കിടയിലുളള പിന്നാക്ക ജാതിയില്‍പ്പെട്ട ആളാണെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ പറഞ്ഞിരുന്നു.

അതേസമയം, നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. 2014ല്‍ ചായക്കാരന്‍ പ്രയോഗം കൊണ്ടുവന്നതാരാണെന്ന് അദ്ദേഹം ചോദിച്ചു. 2014ല്‍ ആരാണ് മോദിയുടെ ജാതിയെക്കുറിച്ച് പറഞ്ഞത്. മോദി സ്വയം തന്നെ ജാതിരാഷ്ട്രീയത്തെ തന്റെ ഉയര്‍ച്ചയ്ക്കായി ആവര്‍ത്തിച്ച് ഉപയോഗിക്കുകയായിരുന്നു.


Similar News