അസം ഖാനും മായാവതിക്കുമെതിരെ വ്യക്തിപരമായ പരാമര്‍ശം; ജയപ്രദക്കെതിരെ കേസെടുത്തു

Update: 2019-04-22 13:00 GMT

ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതിക്കും എസ്പി നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിന് ബിജെപി റാംപൂര്‍ സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദക്കെതിരെ പോലിസ് കേസെടുത്തു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

'അസം ഖാന്‍ എനിക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുമ്പോള്‍ മായാവതി നിങ്ങള്‍ ചിന്തിക്കുക, അദ്ദേഹത്തിന്റെ എക്‌സ് റേ കണ്ണുകള്‍ നിങ്ങളെയും തുറച്ച് നോക്കുന്നുണ്ടാകും' എന്നായിരുന്നു ജയപ്രദയുടെ പരാമര്‍ശം. റാംപൂരില്‍ ഒരു തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ജയപ്രദയുടെ പരാമര്‍ശം. ശനിയാഴ്ചയാണ് ജയപ്രദക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ ബിഎസ്പിയില്‍ നിന്നും ബിജെപിയിലെത്തിയ ജയപ്രദക്കെതിരെ നടത്തിയ 'കാക്കി അടിവസ്ത്ര' പരാമര്‍ശത്തില്‍ അസം ഖാന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന ജയപ്രദ പാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് ബിജെപിയിലെത്തിയത്. രാംപൂരില്‍ ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്ന ജയപ്രദയുടെ പ്രധാന എതിരാളി അസം ഖാനാണ്.

Similar News