ഇവിഎം സൂക്ഷിച്ച സ്‌ട്രോങ്‌റൂം പൂട്ടാന്‍ താന്‍ താക്കോല്‍ തരാം: ബിജെപി സ്ഥാനാര്‍ത്ഥി

Update: 2019-04-16 05:27 GMT

തെലങ്കാന: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂം പൂട്ടാന്‍ തന്റെ താക്കോല്‍ തന്നെ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം തേടി ബിജെപി സ്ഥാനാര്‍ഥി. തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തില്‍നിന്നും ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച അരവിന്ദ് ധര്‍മപുരിയാണ് വ്യത്യസ്ത ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വിവിപാറ്റ് അടക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂമിന്റെ പൂട്ട് തന്റേത് ഉപയോഗിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. റിട്ടേണിങ് ഓഫിസര്‍ക്ക് ഇതുസംബന്ധിച്ച നല്‍കിയ കത്തിലാണ് അരവിന്ദ് വിത്യസ്തമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും സിറ്റിങ് എംപി കൂടിയായ കല്‍വകുന്തല കവിതയ്‌ക്കെതിരേയാണ് ബിജെപി സ്ഥാനാര്‍ഥിയായി അരവിന്ദ് മല്‍സരിച്ചത്. കഴിഞ്ഞ 11നായിരുന്നു തെലങ്കാനയില്‍ പോളിങ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലം കൂടിയാണ് നിസാമാബാദ്. 185 സ്ഥാനാര്‍ഥികളാണ് ഇവിടെ മല്‍സരിച്ചത്. ഇതില്‍ 178 പേരും കര്‍ഷകരാണ്.

Similar News