റമദാന്‍ മാസം പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

Update: 2022-04-06 06:48 GMT

ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവോ ശരീരകോശങ്ങളുടെ പ്രതിരോധമോ മൂലം രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യാവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥയില്‍ രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു.ഈ കാരണങ്ങളാല്‍ തന്നെ പ്രമേഹ രോഗികള്‍ ചില ഭക്ഷണനിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.ആഹാരത്തിലും ആഹാര സമയത്തിലും വ്യായാമങ്ങളിലും മറ്റുജീവിത ശൈലികളിലും വളരെയധികം ചിട്ടയും കൃത്യനിഷ്ഠയും പാലിക്കേണ്ടവരാണ് പ്രമേഹ രോഗികള്‍.

എന്നാല്‍ റമദാന്‍ മാസത്തില്‍ വ്രതമെടുക്കുന്നതിലൂടെ ഇതെല്ലാം തെറ്റുന്നു.ഇത് കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നു. നോമ്പെടുത്താല്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെയുള്ള ഉപവാസം ശരീരത്തിലെ ഉപാപചയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം.ഇത് പ്രമേഹ രോഗികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, പ്രമേഹമുള്ളവര്‍ക്ക് ഘടനാപരമായ പോഷകാഹാര ഡയറ്റ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യമുള്ള ഒരു വ്യക്തി നോമ്പ് അനുഷ്ഠിക്കുമ്പോള്‍ തടി കുറയല്‍, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊഴുപ്പ് എന്നിവ ക്രമമാകല്‍ തുടങ്ങിയ നല്ല കാര്യങ്ങള്‍ സംഭവിക്കാം. എന്നാല്‍ പ്രമേഹ രോഗികള്‍ നോമ്പെടുത്താല്‍ പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെയും നോമ്പു മുറിക്കുന്ന നേരങ്ങളില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലൂടെയും ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത്തരം അവസ്ഥകള്‍ പ്രമേഹ രോഗികളില്‍ ഗുരുതരമായ പല പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നു.

വ്രതമെടുക്കുമ്പോള്‍ അവസാന ഭക്ഷണം കഴിഞ്ഞ് ഏകദേശം എട്ട് മണിക്കൂറിന് ശേഷം നമ്മുടെ ശരീരം ഊര്‍ജ്ജ സ്‌റ്റോറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണമായ ആളുകള്‍ക്ക് ഇത് ദോഷകരമല്ല. എന്നാല്‍ പ്രമേഹരോഗികളില്‍, പ്രത്യേകിച്ച് മരുന്നുകള്‍ അല്ലെങ്കില്‍ ഇന്‍സുലിന്‍ എടുക്കുന്നവരാണെങ്കില്‍ രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞ് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഉപവാസത്തിനു മുമ്പും ശേഷവും കഴിക്കുന്ന വലിയ ഭക്ഷണം ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവിനു കാരണമാകുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം.

നോമ്പ് തുറക്കുമ്പോള്‍ വേണം അതീവ ജാഗ്രത

നോമ്പ് തുറക്കുന്ന സമയത്തു മധുര പലഹാരങ്ങളായും എണ്ണയില്‍ വറുത്ത പലഹാരങ്ങളാലും കഴിക്കുന്നത് മൂലം രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ അനിയന്ത്രിതമായി കൂടാന്‍ വളരെയേറെ സാധ്യതയുണ്ട്. നോമ്പ് സമയത്തു വൈദ്യ സഹായം തേടാന്‍ മിക്ക രോഗികളും മടി കാണിക്കുന്നതിനാല്‍ പ്രമേഹം മറ്റു പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും,പല കോംപ്ലിക്കേഷനുകളില്‍ ചെന്നെത്തിക്കുകയും ചെയ്യുന്നു.

നോമ്പ് മുറിക്കുമ്പോള്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന ഈന്തപ്പഴത്തിന്റെ എണ്ണം രണ്ടോ മൂന്നോ ആക്കി ചുരുക്കേണ്ടതാണ്. രക്തത്തില്‍ താഴ്ന്നിരിക്കുന്ന ഗ്ലൂക്കോസ് സാധാരണ നിലയിലാക്കാന്‍ പഞ്ചസാര ഉപയോഗിക്കാതെയുള്ള പഴങ്ങളുടെ ജ്യൂസുകള്‍, ധാരാളം നാരടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ ധാരാളമായി ആഹാരത്തില്‍ ഉള്‍പെടുത്തേണ്ടതാണ്.

മധുര പലഹാരങ്ങള്‍കും എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍കും പകരമായി ആവിയില്‍ വേവിച്ചതും പുഴുങ്ങിയതും അല്ലെങ്കില്‍ ഗ്രില്‍ ചെയ്തതോ ബേക്ക് ചെയ്തതോ ടോസ്ട് ചെയ്തതോ ആയ ആഹാരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

കേരളത്തില്‍ ഈ നോമ്പ് സമയത്തു അതി കഠിനമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ ധാരാളമായി വെള്ളം കുടിക്കേണ്ടതാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന പ്രവണതയുള്ളതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത ഏറെയാണ്. ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, ഉറുമാമ്പഴം തുടങ്ങിയ പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുക. പഞ്ചസാര ഇടാതെയുള്ള ജ്യൂസ് ആയി കഴിക്കുന്നതും നല്ലതാണു.

നിര്‍ജ്ജലീകരണത്തിനു കാരണമാവുന്ന ചായ, കാപ്പി മുതലായ പാനീയങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വീട്ടില്‍ പ്രമേഹ രോഗികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കു പ്രത്യേകമായി തന്നെ ആഹാരം പാകം ചെയ്യുന്നതിന് വേണ്ടി മറ്റുള്ളവര്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

അത്താഴ സമയം

അത്താഴം വളരെ നേരത്തെ കഴിക്കുന്നത് ഒഴിവാക്കി ബാങ്ക് വിളിക്കാന്‍ അടുത്ത സമയത്തു കഴിക്കുന്നത് പകല്‍ സമയത്തു ഗ്ലുക്കോസിന്റെ അളവ് കുറഞ്ഞു പോവുന്നത് ഒരു പരിധി വരെ തടയാനാവും.

പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നതും,കൂടുതല്‍ വിയര്‍ക്കുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പറ്റുമെങ്കില്‍ രണ്ടുനേരം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണു. രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് ഇടക്കിടക്ക് പരിശോധിക്കുക.

പ്രമേഹ രോഗികള്‍ നോമ്പ് അവസാനിപ്പിക്കേണ്ടത് എപ്പോള്‍?

അമിതമായി വിയര്‍ക്കുക

അമിതമായ ക്ഷീണം

ബോധക്ഷയം, തലകറക്കം

അമിതമായ ദാഹം

കൈകാലുകളുടെ വിറയല്‍

കിതപ്പ്

ഉത്കണ്ഠ, ആശയകുഴപ്പം, അവ്യക്തമായ സംസാരം, വൈകാരിക പ്രശ്‌നങ്ങള്‍.

ഇത്തരം ലക്ഷണങ്ങള്‍ രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് കുറഞ്ഞു പോവുന്ന ഹൈപ്പോ ഗ്ലൈസെമിയ എന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പെട്ടന്ന് നോമ്പ് മുറിക്കുകയും ഗ്ലൂക്കോസ് കഴിക്കുകയും ചെയ്യേണ്ടതാണ്. ഗ്ലൂക്കോസ് ഇല്ലാത്ത സാഹചര്യമാണെങ്കില്‍ നല്ല മധുരമുള്ള പഴങ്ങളോ പഞ്ചസാരയോ കഴിക്കേണ്ടതാണ്.രോഗിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെങ്കില്‍ എത്രയും പെട്ടന്ന് വൈദ്യ സഹായം തേടേണ്ടതാണ്.

ഗ്ലൂക്കോസ് ലെവല്‍ ഉയരുന്നതിന്റെ ലക്ഷണങ്ങള്‍

അമിതമായ ദാഹം

ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത

അമിതമായ ക്ഷീണം

അമിതായ വിശപ്പ്.

ഇത്തരം സാഹചര്യങ്ങളിലും നോമ്പ് തുടരുന്നത് ഒഴിവാക്കേണ്ടതാണ്. നിര്‍ജ്ജലീകരണവും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴി വെക്കുന്നതാണ്.

ഈ രോഗികകള്‍ നോമ്പ് എടുക്കുന്നത് ഒഴിവാക്കുക

പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവര്‍

കുറച്ച് കാലങ്ങളായി ഗ്ലുക്കോസിന്റെ അളവ് വളരെയധികം ഉയര്‍ന്നു നില്‍ക്കുന്ന രോഗികള്‍

പെട്ടന്ന് ഗ്ലുക്കോസിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്ന രോഗികള്‍

വൃക്ക, ഹൃദയ രോഗങ്ങള്‍ ഉള്ളവര്‍

ദിവസവും രണ്ടില്‍ കൂടുതല്‍ തവണ ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍

ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍

പ്രമേഹ രോഗമുള്ള ഗര്‍ഭിണികള്‍

പ്രമേഹ രോഗികള്‍ വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ദിവസവും ശരീരത്തിന് ആവശ്യത്തിന് കലോറി ഉപഭോഗത്തില്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ 12 തവണ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കാം

2.ഇഫ്താറിനു ശേഷവും ഭക്ഷണത്തിനിടയിലും പഞ്ചസാര കൂടുതലുള്ള മധുരപലഹാരങ്ങള്‍ ഒഴിവാക്കണം.

3.ഗ്ലൈസമിക് സൂചിക കുറവുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കണം, പ്രത്യേകിച്ച് ഫൈബര്‍ കൂടുതലുള്ളവ. പച്ചക്കറികള്‍ (വേവിച്ചതും അസംസ്‌കൃതവും), പഴങ്ങള്‍, തൈര്, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് നേടുക. പഞ്ചസാര, ഗോതമ്പ് മാവ്, ധാന്യം, വൈറ്റ് റൈസ്, ഉരുളക്കിഴങ്ങ് പോലുള്ള അന്നജം എന്നിവയില്‍ നിന്നുള്ള കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം.

4.ആവശ്യത്തിന് വെള്ളം കുടിക്കുക. ശുദ്ധജലമാണ് ഉത്തമം. പഞ്ചസാര പാനീയങ്ങള്‍, സിറപ്പുകള്‍, ടിന്നിലടച്ച ജ്യൂസുകള്‍ അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്ത ജ്യൂസുകള്‍ എന്നിവ ഒഴിവാക്കണം. നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന ഡൈയൂററ്റിക്‌സായി പ്രവര്‍ത്തിക്കുന്നതിനാല്‍ കഫീന്‍ പാനീയങ്ങളുടെ (കോഫി, ചായ, കോള പാനീയങ്ങള്‍) ഉപഭോഗവും കുറയ്ക്കണം.

5.ഉപവാസത്തില്‍ നിന്നുള്ള നിര്‍ജ്ജലീകരണം മറികടക്കാന്‍ ധാരാളം വെള്ളം കുടിച്ച ശേഷം ഇഫ്താര്‍ ആരംഭിക്കണം.

റമദാനില്‍ ഉപവസിക്കുന്ന ഡയബറ്റിക് രോഗികള്‍ക്ക് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ റമദാന്‍ മാസത്തില്‍ വ്രതമെടുക്കണമെന്ന് ആഗ്രഹിക്കുന്ന പ്രമേഹ രോഗികള്‍ അവരുടെ ഡോക്ടറുടെ ഉപദേശപ്രകാരം ഉപവസിക്കുന്നതാണ് ഉത്തമം.


Tags: